Skip to main content

പരിസ്ഥിതി ദിനാഘോഷം: ജില്ലയില്‍ 70 ലക്ഷം തൈകള്‍ നടും

 

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ 70 ലക്ഷം തൈകള്‍ നടും. നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ പൊതു പരിപാടികള്‍ ഒഴിവാക്കിയാണ് ജില്ലയില്‍ ഇത്തവണ പരിസ്ഥിതി ദിനാചരണം നടത്തുന്നത്. ഹരിത കേരളം മിഷന്റെ കീഴില്‍ 70 ലക്ഷം തൈകളാണ് ഇത്തവണ നടുന്നത്. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കൃഷി വകുപ്പ്, സാമൂഹിക വനവത്കരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് തൈകള്‍ നടുന്നത്.

സര്‍ക്കാര്‍, സ്വകാര്യ ഭൂമികളിലായി തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തൈകള്‍ നടകുക. ഇതിന് പുറമെ കണ്ടല്‍ ചെടികളും നടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 20 ലക്ഷം തൈകളാണ് നടുന്നത്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ കീഴില്‍ നാല് ലക്ഷം തൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. നിലമ്പൂര്‍, മുണ്ടുപറമ്പ് നഴ്സറികളിലായാണ് തൈകള്‍ ഒരുക്കിയിട്ടുള്ളത്. മഹാഗണി, ഉങ്ങ്, പൂവരശ്, വേങ്ങ, പേര, സീതപ്പഴം, പുളി, നെല്ലി, ലക്ഷ്മിതരു, മുരിങ്ങ, കുമിഴ്, നീര്‍മരുത്, കണിക്കൊന്ന, മന്ദാരം, മണിമരുത് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളാണ് ഇത്തവണ കൂടുതലായും നടുന്നത്.

തൊഴിലുറപ്പ് പദ്ധതിക്ക് നിലമ്പൂര്‍, കാളികാവ്, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, പെരുമ്പടപ്പ്, പൊന്നാനി, താനൂര്‍, തിരൂരങ്ങാടി, തിരൂര്‍, വേങ്ങര, വണ്ടൂര്‍ എന്നിവിടങ്ങളിലായി ഒരുക്കിയ 130 നേഴ്സറികളാണുള്ളത്. മാവ്, പ്ലാവ്, പുളി, ആര്യവേപ്പ്, ബദാം, ഉങ്ങ്, മഹാഗണി, കുടംപുളി വേങ്ങ, നെല്ലി എന്നിവയാണ് ഉല്‍പ്പാദിപ്പിച്ചത്. സന്നദ്ധ സംഘനടകള്‍ക്കും ക്ലബ്ബുകള്‍ക്കുമുള്ള തൈകള്‍ സാമൂഹിക വനവത്കരണ വിഭാഗം നല്‍കും. ഇതിന് പുറമെ സ്വാകര്യ നഴ്സറികളില്‍ നിന്നുള്ള തൈകളും നടുന്നുണ്ട്. പാതയോരത്ത് നടുന്ന തൈകളുടെ സംരക്ഷണ ചുമതല സാമൂഹിക വനവത്കരണ വിഭാഗത്തിനായിരിക്കും.

സഹകരണ സംഘങ്ങള്‍ വഴി 1000 പ്ലാവിന്‍ തൈകളും ഇത്തവണ നടുന്നുണ്ട്. പരിസ്ഥിതി ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും സഹകരണ സംഘങ്ങള്‍ മരങ്ങള്‍ നട്ടിരുന്നു. ജില്ലാ പ്ലാനിംഗ്  ഓഫീസിന്റെയും  ഇസാഫ് ലീവബിള്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ സിവില്‍ സ്റ്റേഷനില്‍ ഔഷധ ഉദ്യാനവും ഒരുക്കുന്നുണ്ട്  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും മാതൃകയും പ്രചോദനവുമാകുന്ന  രീതിയില്‍  ജില്ലാ പ്ലാനിംഗ്  ഓഫീസ്  പരിസരത്താണ് 'ഹരിതാസൂത്രണം' എന്ന പേരില്‍ ഈ ഉദ്യാനം ഒരുക്കുന്നത്.

date