Skip to main content

പുത്തന്‍കുരിശ് പോളിയോള്‍ പ്ലാന്റ് : പൊതുജനാഭിപ്രായം സമാഹരിച്ചു

 

 

കാക്കനാട്: പുത്തന്‍കുരിശില്‍ കൊച്ചി റിഫൈനറിയുടെ പോളിയോള്‍ പ്ലാന്റിനായുള്ള പെട്രോകെമിക്കല്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ പ്രദേശവാസികളുടെ പൊതുജനാഭിപ്രായം സമാഹരിച്ചു.  പ്ലാന്റ് നിര്‍മാണാനുമതി, നിര്‍മാണം, പ്രവര്‍ത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള അദ്ധ്യക്ഷനായിരുന്നു.   വ്യവസായത്തിന് ഏറെ പ്രാധാന്യമുള്ള ജില്ലയില്‍ പ്ലാന്റ് വരുന്നതിന്റെ സാധ്യതകള്‍ കലക്ടര്‍ വിശദീകരിച്ചു.  പദ്ധതിപ്രദേശത്തോടു ചേര്‍ന്നുകിടക്കുന്ന ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നു.    ഇതിനുമുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചി റിഫൈനറി പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ പരിഹരിക്കുകയും അത്തരത്തിലുള്ള പിഴവുകള്‍ പോളിയോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലുണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധന്‍ ആവശ്യപ്പെട്ടു.  

പ്രൊപ്പിലീന്‍ അടിസ്ഥാനമാക്കി 9000കോടി രൂപ മുതല്‍മുടക്കില്‍ ലോകനിലവാരത്തിലുള്ള പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുണ്ടാക്കാനാണ് പ്ലാന്റ് നിര്‍മിക്കുന്നത്.  കിടക്ക, തലയിണ, വാഹന അനുബന്ധ ഉപകരണങ്ങള്‍, പശ, ലേപനങ്ങള്‍, ഇലാസ്റ്റിക് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, മരുന്ന് തുടങ്ങിയവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന പോളിയോളുകള്‍, മരുന്ന് നിര്‍മാണമേഖലയിലും മറ്റും അടിസ്ഥാനഘടകമായ നിറമില്ലാത്ത, സുതാര്യമായ കൊഴുത്ത ദ്രാവകമിശ്രിതം നിര്‍മിക്കുന്നതിനുള്ള  പ്രൊപ്പിലീന്‍ ഗ്ലൈക്കോള്‍, പോളിയിസ്റ്റര്‍ തുണി, പോളിയിസ്റ്റര്‍ ഫിലിം, പെറ്റ് ബോട്ടിലുകള്‍, തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള മോണോ എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവയാണ് ഉല്‍പ്പന്നങ്ങള്‍.   എല്ലാവരുടെ ചോദ്യങ്ങള്‍ക്കും ബി.പി.സി.എല്‍. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് എം.പണിക്കര്‍  മറുപടി നല്‍കി.     

സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് എറണാകുളം മേഖല ചീഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ.ബൈജു, എല്‍.എ.ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസ്, പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ് ഉദ്യോഗസ്ഥര്‍, കിന്‍ഫ്ര പ്രതിനിധികള്‍,  സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date