Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 20-07-2021

ഹയര്‍ സെക്കണ്ടറി അധ്യാപക പരിശീലന പരിപാടി

ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും കണ്ണൂര്‍ സര്‍വ്വകലാശാലയും സംയുക്തമായി ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് 'ഓര്‍ഗനൈസസ് സ്ലൈഡ്' പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 22, 23 തീയ്യതിയില്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം. ജൂലൈ 22 ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വിദ്യാഭ്യാസ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35നും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്നതിനായി വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന് രണ്ട് ലക്ഷം രൂപ വരെയും കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലെ പഠനത്തിന് നാല് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. പഠിക്കുന്ന സ്ഥാപനവും കോഴ്‌സും സര്‍ക്കാര്‍ അംഗീകൃതമാവണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയരുത്.  ആറ് ശതമാനം പലിശ സഹിതം 60 തുല്യ മാസ ഗഡുക്കളായാണ് വായ്പ തിരിച്ചടക്കേണ്ടത്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷമോ ജോലി ലഭിച്ച ഉടനെയോ ഏതാണോ ആദ്യം എന്ന ക്രമത്തിലാവണം തിരിച്ചടവ്. വായ്പാ തുകയ്ക്ക് കോര്‍പറേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2705036, 8921158858.  

 

സര്‍വകലാശാല ക്യാമ്പസില്‍ 100 മാവിന്‍ തൈ നടും

ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നാട്ടുമാവിന്‍ തോട്ടം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല താവക്കര ക്യാമ്പസില്‍ 100 നാട്ടുമാവിന്‍ തൈകള്‍ നടുന്നു. ദേശീയ മാമ്പഴ ദിനമായ ജൂലൈ 22ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മാമ്പഴത്തിന്റെ വിവിധ നാടന്‍ ഇനങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്.

ജില്ലാ വികസന സമിതി യോഗം 31ന്

ജില്ലാ വികസന സമിതി യോഗം ജൂലൈ 31 ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരും.
 
ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി നീട്ടി

ജനന രജിസ്റ്ററില്‍ ഇനിയും പേര്  ചേര്‍ക്കാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനുള്ള  സമയം അഞ്ച് കൊല്ലത്തേക്ക് നീട്ടിക്കൊണ്ട് കേരള ജനന  മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്തു.  കുട്ടിയുടെ പേര് ചേര്‍ക്കാതെ നടത്തുന്ന ജനന രജിസ്‌ട്രേഷനുകളില്‍ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ഒരു കൊല്ലത്തിനകം കുട്ടിയുടെ പേര് ചേര്‍ക്കണമെന്നും അതിന് കഴിയാത്തവരില്‍ നിന്നും അഞ്ച് രൂപ ലേറ്റ് ഫീ ഈടാക്കി രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷത്തിനകം പേര് ചേര്‍ക്കണമെന്നാണ് നിലവിലുണ്ടായിരുന്ന വ്യവസ്ഥ.  ഈ വ്യവസ്ഥയനുസരിച്ചുള്ള സമയ പരിധി ഈ വര്‍ഷം ജൂണ്‍ 22ന് അവസാനിച്ച പശ്ചാത്തലത്തിലാണ് സമയം നീട്ടി നിയമം ഭേദഗതി ചെയ്തത്.  ഇനിയും ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് പേര് ചേര്‍ക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും  ഇത്തരമൊരു ഇളവ് ഇനി ഉണ്ടാകുന്നതല്ലെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പഠനം, പാസ്‌പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പേരൊടുകൂടിയ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാത്തവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനും സൗകര്യമുണ്ട്

date