Skip to main content

ഞാറു നിരത്തൽ ഉത്സവം

 

 

എറണാകുളം: കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ ഞാറു നിരത്തൽ ആരംഭിച്ചു. ഞാറുനിരത്തൽ ഉത്സവം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി നിർവ്വഹിച്ചു. 28 ദിവസം പ്രായമായ പൊക്കാളി ഞാറുകൾ ചേറോടെ പിഴുതെടുത്ത് കർഷക തൊഴിലാളികൾക്ക് കൈമാറിയായിരുന്നു ഉദ്ഘാടനം.

 

വംശനാശ ഭീഷണിയുടെ വക്കിൽ നിൽക്കുന്ന തനത് പൊക്കാളി വിത്താണ് കൈതാരം പാടശേഖരത്തിൽ കർഷകർ കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ നിന്നും ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്ത വൈറ്റില 8 എന്നയിനം നെല്ലും കൈതാരം പൊക്കാളി പാടശേഖരത്തിൽ കൃഷി ചെയ്യുന്നുണ്ട്. കൈതാരത്തെ മോഹനൻ പാലിയം എന്ന കർഷകൻ്റെ കൃഷിയിടത്തിൽ നിന്നാണ് ഞാറു നിരത്തൽ ഉത്സവത്തിന് തിരിതെളിഞ്ഞത്. കോട്ടുവള്ളിയെ അതിൻ്റെ പഴയകാല കാർഷികപ്പെരുമയിലേക്ക് തിരിച്ചു കൊണ്ടുവരുവാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് കൃഷിഭവൻ. 

 

കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ വിജു, കൈതാരം പൊക്കാളി പാടശേഖര സമിതി സെക്രട്ടറി ടി.കെ വിജയൻ, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ ഞാറു നിരത്തൽ ഉത്സവത്തിൽ പങ്കെടുത്തു.

 

date