Skip to main content

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നു

 

 

ജില്ലയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോസ്ഥരുടെ യോഗം ചേർന്നു. ജില്ലയിലെ കോ വിഡ് പരിശോധന, സമ്പർക്ക പട്ടിക തയാറാക്കൽ, വാക്സിനേഷൻ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ തുടങ്ങിയവ ജില്ലയിലെ ആരോഗ്യ വിഭാഗം യോഗത്തിൽ അവതരിപ്പിച്ചു. ഇതു വരെ ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകയാക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം.  

 

കോവിഡ് പ്രോട്ടോകോളും നിയന്ത്രണങ്ങളും മറ്റ് നടപടികളും ശക്തമായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്കമോ ഇല്ലാത്തവരുടെ ഇടയിലേക്കും കോവിഡ് പരിശോധന കൂടുതല്‍ വ്യാപിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുള്ള പ്രദേശങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കൂടാതെ നോക്കുന്നതിനൊപ്പം അവരെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി.

 

രോഗവ്യാപനം തടയുന്നതിൽ മാസ്ക് ധരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. യോഗങ്ങളിലും മറ്റും ഭക്ഷണം വിളമ്പുമ്പോൾ മാസ്ക് മാറ്റി ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. അതിനാൽ യോഗങ്ങളിൽ ഭക്ഷണ വിതരണം ഒഴിവാക്കണം. തീരദേശ മേഖലകൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക പരിഗണന നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. 

 

ജില്ലയില്‍ ടി.പി.ആര്‍ ഉയര്‍ന്ന് നില്‍ക്കുന്ന വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു. ജാഗ്രതാ സമിതികളും ശക്തമായി പ്രവർത്തിക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ശക്തിപ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും പരിശോധനാ സൗകര്യം  ഏര്‍പ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു. 

 

കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിന്റെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍

ജില്ലാ കളക്ടർ ജാഫർ മാലിക്, സ്പെഷ്യൽ ഓഫീസർ ഓൺ ഡ്യൂട്ടി ടു ചീഫ് സെക്രട്ടറി ഉമേഷ്, റൂറൽ എസ്.പി. കെ. കാർത്തിക് , ഡി സി പി ഐശ്വര്യ ഡോംഗ്രെ, ജില്ലാ വികസന കമ്മീഷണർ അഫ്സാന പർവീൺ, സബ് കളക്ടർ ഹാരിസ് റഷീദ്, അസിസ്റ്റൻറ് കളക്ടർ സച്ചിൻ കുമാർ യാദവ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ല സർവെയ്ലൻസ് ഓഫീസർ ഡോ. എസ്. ശ്രീദേവി, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേ ലി, നോൺ കോവിഡ് സർവെയ്‌ലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ്, കോൺടാക്റ്റ് ടേസിംഗ് നോഡൽ ഓഫീസർ ഡോ.സുധാകർ . സാംപിൾ കളക്ഷൻ ആൻഡ് ടെസ്റ്റിംഗ് നോഡൽ ഓഫീസർ ഡോ. നിഖിലേഷ്, ടീം ലീഡർ ഡേറ്റ മാനേജ്മെൻ്റ് ആൻഡ് അനാലിസിസ് ഡോ. സെറിൻ കുര്യാക്കോസ്, കോവിഡ് ജാഗ്രതാ ആൻഡ് ക്ലസ്റ്റർ നോഡൽ ഓഫീസർ ഡോ. അനിത ആർ കൃഷ്ണ എന്നിവർ പങ്കെടുത്തു.

date