Skip to main content

സര്‍ക്കാരിന്റെ നിര്‍മാണനയം പുതിയ അഭിരുചികള്‍ക്ക്  പ്രാധാന്യം നല്‍കുന്നത്: മന്ത്രി ജി. സുധാകരന്‍

*സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹെറിറ്റേജ് മോഡല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

പുതിയ സാങ്കേതികവിദ്യകളിലൂന്നിയതും പുതിയ അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കുന്നതുമാണ് സര്‍ക്കാരിന്റെ നിര്‍മാണ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി 

ജി. സുധാകരന്‍ പറഞ്ഞു. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ പുതുതായി നിര്‍മിച്ച ഹെറിറ്റേജ് മോഡല്‍ ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2010 ല്‍ മൂന്നുകോടി മുപ്പതു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ഈ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പാരമ്പര്യ ചരിത്ര സ്മാരകങ്ങളുടെ നിര്‍മാണവിദ്യ ഉപയോഗിച്ചാണ്. പുതിയ തലമുറയുടെ പ്രൊഫഷണലിസത്തിന് ഇണങ്ങുന്നതും പാരമ്പര്യത്തെ മാനിക്കുന്നതുമായ നിര്‍മാണരീതി ഹെറിറ്റേജ് കെട്ടിടത്തിന്റെ നിര്‍മാണത്തിലും ഉപയോഗിച്ചിട്ടുണ്ട്. കലയിലും സാഹിത്യത്തിലും തല്പരരായ ഭരണാധികാരികള്‍ ഇരുനൂറ് വര്‍ഷം മുമ്പ് പണികഴിച്ച ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയായ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടത്തിന് ജനാധിപത്യകേരളം പുതുതായി കൂട്ടിച്ചേര്‍ത്ത ആസ്തിയാണ് ഹെറിറ്റേജ് കെട്ടിടമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെ ഏറ്റവും പ്രചാരമുള്ള അറുപതു ഭാഷകളിലൊന്നാണ് മലയാളമെന്നും മാതൃഭാഷയെ വളര്‍ത്തേണ്ട ഉത്തരവാദിത്ത്വം നമുക്കുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തില്‍ ഔദ്യോഗികമായി കാല്‍ ലക്ഷത്തോളം ലൈബ്രറികളുണ്ട്. ഇവിടങ്ങളിലുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ലക്ഷക്കണക്കിനു വായനക്കാരാണ് പ്രയോജനപ്പെടുത്തുന്നത്. അതിനാല്‍ വായന മരിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.  

1391 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ റഫറന്‍സ് സെക്ഷന്‍, കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ബ്രെയ്‌ലി ലൈബ്രറി, ടെക്‌നിക്കല്‍ സെക്ഷന്‍, ലൈബ്രേറിയന്‍ റൂം, ഒന്നാം നിലയില്‍ ഇംഗ്ലീഷ് പുസ്തകങ്ങളുടെ ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, എക്‌സിബിഷന്‍ ഹാള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ എല്ലാ നിലയിലും ശൗചാലയവും സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വാസ്തുഘടന പൊതുമരാമത്ത് വകുപ്പ് ആര്‍കിടെക്ചറല്‍ വിഭാഗവും സ്ട്രക്ചറല്‍ രൂപകല്‍പന പൊതുമരാമത്തു വകുപ്പിന്റെതന്നെ ഡിസൈന്‍ വിഭാഗവുമാണ് തയ്യാറാക്കിയത്. 

വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ. ശോഭന സ്വാഗതം പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, ലൈബ്രറി ഉപദേശക സമിതി അംഗങ്ങളായ ജോര്‍ജ് ഓണക്കൂര്‍, എം.ആര്‍. തമ്പാന്‍, ബി മുരളി, അഹമ്മദ് കുഞ്ഞ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ജ്യോതി, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്‍ എം.ബി. ഗംഗാപ്രസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.2265/18

date