നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍
നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യ വികസനപദ്ധതികള്‍ക്കും യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ക്കും രൂപം നല്‍കിയത്. സംസ്ഥാനത്തെ ഐടിഐകളില്‍ നിന്നു മാത്രം പ്രതിവര്‍ഷം എഴുപത്തയ്യായിരത്തോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തുവരുന്നുണ്ട്. പോളിടെക്നിക്കുകളിലും എഞ്ചിനിയറിങ് കോളേജുകളിലും നിന്നുള്ളവരടക്കം ഒന്നര ലക്ഷത്തോളം പേരാണ് വര്‍ഷം തോറും തൊഴില്‍കമ്പോളത്തിലെത്തുന്നത്. ഇതര യോഗ്യതകള്‍ നേടിയവര്‍ ഇതിനു പുറമെയും തൊഴിലന്വേഷകരായി എത്തുന്നു. അഭ്യസ്തവിദ്യരായ എല്ലാ യുവതീയുവാക്കള്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയണം. അതോടൊപ്പം ശാസ്ത്ര-സാങ്കേതിക രംഗത്തെ നിരന്തര മാറ്റങ്ങള്‍ക്കനുസൃതമായി യുവാക്കളുടെ നൈപുണ്യശേഷി വര്‍ധിപ്പിക്കുകയും വേണം.
പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളില്‍ വ്യവസായസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് പ്രത്യേക പഠനം നടത്തും. ദേശീയതലത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായപങ്കാളികളുമായി ചേര്‍ന്ന് യഥാര്‍ഥ തൊഴില്‍പരിതസ്ഥിതിയിലുള്ള വ്യാവസായിക ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവര്‍ത്തനസജ്ജമാക്കാനും ആലോചിക്കുന്നുണ്ട്. ചെറുകിട, ഇടത്തരം, പരമ്പരാഗത വ്യവസായമേഖലകളില്‍ അനുഭവപ്പെടുന്ന വിദഗ്ധ-അവിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണറേറ്റ്, വ്യാവസായികപരിശീലനവകുപ്പ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയുമായി ചേര്‍ന്ന് ലേബര്‍ ബാങ്കിന് രൂപം നല്‍കും. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേബര്‍ ബാങ്ക് രൂപീകരണനടപടികള്‍ പുരോഗമിക്കുകയാണ്. ലേബര്‍ ബാങ്കിനെ ജോബ് പോര്‍ട്ടലുമായി ബന്ധപ്പെടുത്തും.
തൊഴിലവസരങ്ങള്‍, തൊഴില്‍ദാതാക്കള്‍, തൊഴിലന്വേഷകര്‍ എന്നിവ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും. പിഎസ്സി വഴി അല്ലാതെ നിയമനം നടത്തുന്ന അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയിലെ ഒഴിവുകളും സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴില്‍സാധ്യതകള്‍, തൊഴില്‍ദായകരുടെ ശരിയായ വിവരങ്ങള്‍ തുടങ്ങിയവക്കൊപ്പം വാഗ്ദാനം ചെയ്യപ്പെടുന്ന അവസരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുകയും ചെയ്യും എന്നതാണ് പോര്‍ട്ടലിന്റെ സവിശേഷത. തൊഴില്‍ദാതാക്കളുടെ വിശ്വാസ്യത ഉറപ്പാക്കിമാത്രമേ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ അനുവദിക്കുകയുള്ളൂ. തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും ഈ മേഖലയിലെ ഇതര സേവനദാതാക്കളെയും ഒരേ കുടക്കീഴിലെത്തിക്കുന്ന ജോബ് പോര്‍ട്ടല്‍ നമ്മുടെ യുവതലമുറയ്ക്ക് ഏറെ പ്രയോജനകരമാകും.
രണ്ടു ഘട്ടങ്ങളിലായാണ് പോര്‍ട്ടല്‍ പൂര്‍ത്തിയാക്കുന്നത്. തൊഴില്‍ ദാതാക്കളുടെയും തൊഴിലന്വേഷകരുടെയും രജിസ്ട്രേഷന്‍, തൊഴിലന്വേഷണം, തൊഴില്‍ അപേക്ഷ, തൊഴില്‍ തെരഞ്ഞെടുക്കല്‍ പ്രക്രിയ, തൊഴില്‍മേളകള്‍, ലിന്‍ക്ഡ്ഇന്‍ ഏകീകരണം വഴി രാജ്യത്തിനകത്തും വിദേശത്തുമുള്ള തൊഴിലവസരങ്ങള്‍ തുടങ്ങിയ പ്രക്രിയകളാണ് ആദ്യഘട്ടത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തോടെ പോര്‍ട്ടല്‍ പൂര്‍ണതോതില്‍ സജ്ജമാകുമെന്നു മന്ത്രി പറഞ്ഞു.
കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് (കെയ്സ്) മാനേജിങ് ഡയറക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമനും ലിങ്ക്ഡ്-ഇന്‍ ഇന്ത്യ മേധാവി സെറാജ് സിംഗും ധാരണപത്രം ഒപ്പു വച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, കെയ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി.പ്രതാപ്‌മോഹന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പി.എന്‍.എക്‌സ്.2270/18
- Log in to post comments