കോവിഡ് പ്രതിരോധം; വിവിധ വിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലെ നിയന്ത്രണങ്ങളും ഇളവുകളും
എറണാകുളം: കോവിഡ് 19 രോഗവ്യാപന നിയന്ത്രണത്തിനായി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങളെ പ്രതിവാര രോഗസ്ഥിരീകരണ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ (ടി.പി.ആര്‍) എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
എ വിഭാഗത്തിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാനപന പരിധിയിൽ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ച് പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം. മറ്റ് സ്ഥാപനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം എട്ടുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം എട്ടുവരെ പ്രവർത്തിക്കാം.
ആരാധനാലയങ്ങളിൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് പരമാവധി 15 പേർക്ക് കുറച്ച് സമയത്തേക്ക് പ്രവേശനം അനുവദിക്കാം. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകുന്നേരം എട്ടുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. ടാക്സി, ഓട്ടോറിക്ഷ സർവീസുകൾ അനുവദനീയമാണ്. ടാക്സി വാഹനങ്ങളിൽ ഡ്രൈവർക്കും മൂന്ന് യാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും സഞ്ചരിക്കാം. കുടുംബമായി യാത്രചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ല. ബാറുകളിലും ബിവറേജ് ഔട്ട്ലെറ്റുകളിലും പാഴ്സൽ സർവീസ് മാത്രം. ശാരീരിക സമ്പർക്കം ഇല്ലാത്ത ഔട്ട്ഡോർ സ്പോർട്സ് ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത സായാഹ്ന സവാരികളും അനുവദനീയമാണ്.
ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസിനും ഓൺലൈൻ / ഹോം ഡെലിവറികൾക്ക് മാത്രമായി രാവിലെ 7 മുതൽ വൈകുന്നേരം 9.30 വരെ പ്രവർത്തിക്കാം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിങ്കൾ മുതൽ വെള്ളിവരെ ബ്യൂട്ടിപാർലർ, ബാർബർ ഷോപ്പുകൾ എന്നിവക്ക് ഹെയർ സ്റ്റൈലിങ്ങിന് മാത്രമായി പ്രവർത്തിക്കാം. വീട്ടു ജോലികൾ ചെയ്യുന്നവർക്ക് യാത്ര ചെയ്യാം. ഇൻഡോർ സ്പോർട്സ് ക്ലബ്ബുകൾക്കും ജിമ്മുകൾക്കും എ.സി ഉപയോഗിക്കാതെ വായുസഞ്ചാരമുള്ള ഹാളുകളിൽ അല്ലെങ്കിൽ സ്ഥലങ്ങളിൽ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം. ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയറിങ് ഷോപ്പുകൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ തുറക്കാം.
ബി വിഭാഗത്തിൽ അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍
പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പൊതു ഓഫീസുകളും 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ചു പ്രവര്‍ത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.
അക്ഷയ കേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചു പ്രവര്‍ത്തിക്കാം.
ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പ്പനയും റിപ്പയറിംഗും നടത്തുന്ന സ്ഥാപനങ്ങള്‍ തിങ്കൾ മുതൽ വെള്ളി ദിവസം വരെ പ്രവര്‍ത്തിക്കാം. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ രാത്രി എട്ടുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദനീയമാണ്. ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്കും രണ്ടു യാത്രക്കാര്‍ക്കും സഞ്ചരിക്കാം.ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം 50 ശതമാനം വരെ ജീവനക്കാരെ നിയോഗിച്ച് പ്രവര്‍ത്തിക്കാം.
ബാറുകളിലും ബിവറേജ് ഔട്ടലെറ്റുകളിലും പാഴ്സല്‍ സര്‍വീസ് മാത്രം അനുവദനീയമാണ്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശാരീരിക സമ്പര്‍ക്കം ഇല്ലാത്ത ഔട്ട് ഡോര്‍ സ്പോര്‍ട്സ് /ഗെയിമുകളും സാമൂഹിക അകലം പാലിച്ചുള്ള പ്രഭാത, സായാഹ്ന സവാരികളും അനുവദനീയമാണ്. ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിംസ് എന്നിവ എയര്‍ കണ്ടീഷന്‍ ഒഴിവാക്കി ഒരേ സമയം പരമാവധി 20 പേര്‍ക്ക് പ്രവേശനം അനുവദിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവര്‍ത്തിക്കാം. വായു സഞ്ചാരമുള്ള ഹാള്‍ ആയിരിക്കണം.
ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ ഏഴു മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും മുടിവെട്ടുന്നതിന് മാത്രമായി പ്രവര്‍ത്തിക്കാം. വീട്ടുജോലികള്‍ ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യാം.
സി വിഭാഗത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ
പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ,കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു ഓഫീസുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ച് പ്രവർത്തിക്കാം. ബാക്കി ജീവനക്കാരെ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ നിയോഗിക്കാം. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 8 മണിവരെ പ്രവർത്തിക്കാം. വിവാഹ ആവശ്യങ്ങൾക്കായി ടെക്സ്റ്റൈൽസ്, ജ്വല്ലറികൾ, ചെരുപ്പുകടകൾ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം എട്ടുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. കുട്ടികൾക്കാവശ്യമായ ബുക്കുകൾ വിൽക്കുന്ന കടകളും റിപ്പയർ സെന്റെറുകളും വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം എട്ടുവരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പാഴ്സൽ സർവീസ് ഓൺലൈൻ, ഹോം ഡെലിവറി സേവനങ്ങൾക്കും മാത്രമായി പ്രവർത്തിക്കാം.
ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അടിയന്തര അവശ്യ സേവനങ്ങളിലുൾപെട്ട കേന്ദ്ര,സംസ്ഥാന, സ്വയംഭരണസ്ഥാപനങ്ങൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഓഫിസുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് യാത്ര ചെയ്യാം. അവശ്യ സേവനങ്ങളിൽപെട്ടതും 24 മണിക്കൂർ പ്രവർത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം. ആവശ്യസാധനങ്ങളായ പലചരക്ക്, പഴം, പച്ചക്കറി കടകൾ, പാൽ ഉത്പാദന, വിതരണ കേന്ദ്രങ്ങൾ,കള്ളുഷാപ്പുകൾ, മത്സ്യ,മാംസ വിതരണ കേന്ദ്രങ്ങൾ എന്നിവ രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിൽ കഴിവതും ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. മറ്റ് വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല. ഹോട്ടലുകൾ ഹോം ഡെലിവറിക്കായി മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം.ദീർഘദൂര ബസ് സർവീസുകൾ, പൊതുഗതാഗതം, ചരക്കുവാഹനങ്ങൾ എന്നിവയ്ക്കും വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ, പൊതു യാത്രാ വാഹനങ്ങൾ എന്നിവ മതിയായ യാത്ര രേഖകളോടെ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അനുവദിക്കും. രോഗികൾ, അവരുടെ സഹായികൾ, വാക്സിനേഷന് പോകുന്നവർ എന്നിവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അനുവദിക്കും. ലോക്ക് ഡൗൺ കാലയളവിൽ അനുവദനീയമായ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സൈറ്റ് എൻജിനീയർമാർ, സൂപ്പർവൈസർമാർ എന്നിവർക്ക് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡോ അതത് സ്ഥാപനങ്ങൾ നൽകിയ അനുമതിപത്രമോ ഉപയോഗിച്ച് ജോലിസ്ഥലത്തേക്കും തിരിച്ചു വീട്ടിലേക്കും യാത്ര ചെയ്യാം. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് എസ്.എച്ച്.ഒയുടെ അനുമതി വാങ്ങണം. ഡി കാറ്റഗറിയിൽ വരുന്ന തദ്ദേശസ്ഥാപന മേഖലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവർക്ക് റൂം ഐസൊലേഷൻ സൗകര്യമുണ്ടെന്ന് ആർ.ആർ ടീം മുഖേന ഉറപ്പാക്കിയ ശേഷമേ വീടുകളിൽ തുടരുവാൻ അനുവദിക്കു . വീടുകളിൽ സൗകര്യമില്ലെങ്കിൽ ഇവരെ നിർബന്ധമായും ഡൊമിസിലിയറി കെയർ സെന്ററുകളിലേക്കോ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിലേക്കോ മാറ്റുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.
- Log in to post comments