Skip to main content

കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍   വിലയിരുത്താന്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ കാര്യക്ഷമമാക്കണം, ഗൃഹനിരീക്ഷണത്തിലുള്ള രോഗികള്‍ മാനദണ്ഡ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപകമാക്കണം. തുടങ്ങിയ നിര്‍ദേശങ്ങള്‍ സംഘം നല്‍കി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഡോ. സുജീത് സിംഗ്, ഡോ. എസ്.കെ.ജയിന്‍, ഡോ.പ്രണയ് വര്‍മ, ഡോ. രുചി ജയിന്‍, ഡിസ്ട്രിക്ട് ഹെല്‍ത്ത് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവരടങ്ങിയ സംഘമാണ് സ്ഥിതിഗതി വിലയിരുത്തിയത്. എ.ഡി.എം എന്‍. സാജിതാ ബീഗം അധ്യക്ഷയായി ചേര്‍ന്ന യോഗത്തില്‍ കോവിഡ് പ്രതിരോധം സംബന്ധിച്ച് ജില്ലാ ഭരണകൂടം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ വിശദീകരിച്ചു.
കഴിഞ്ഞ ഒരു മാസക്കാലത്തെ കോവിഡ് പ്രതിരോധ നടപടികളുടെ പുരോഗതി കേന്ദ്ര സംഘം പരിശോധിച്ചു. ചികിത്സാ കേന്ദ്രങ്ങള്‍, പരിശോധനാ സംവിധാനങ്ങള്‍,  മരണനിരക്ക് എന്നിവയുടെ സ്ഥിവിവരക്കണക്കുകളും ചര്‍ച്ച ചെയ്തു. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളിലെ ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, യു.കെ- ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം, തീരദേശ മേഖലയിലെ രോഗപവ്യാപനം,  അതിഥിതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ എന്നിവയുടെ അവലോകനവും നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീലത, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ആര്‍.സന്ധ്യ, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ. മണികണ്ഠന്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.അനു, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1917/2021)
 

date