Skip to main content

സ്ത്രീശാക്തീകരണത്തിന് കൂട്ടായി ഇനി 'ഊർജ്ജശ്രീ'യും

 

 

സ്ത്രീശാക്തീകരണത്തിന് പിന്തുണയേകി ജില്ലയിൽ ഊർജ്ജശ്രീ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള എനർജി മാനേജ്‍മെന്റ് സെന്റർ കുടുംബശ്രീയുമായി സഹകരിച്ചാണ്  ഊർജ്ജ മേഖലയിൽ സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന് തുടക്കമിടുന്നത്. പദ്ധതിയുടെ  ജില്ലാതല ഉദ്‌ഘാടനം ജൂലൈ 31ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിക്കും.

 

പദ്ധതി മുഖേന ജില്ലയിലെ നാല് ലക്ഷം വരുന്ന കുടുംബശ്രീ  അംഗങ്ങളുടെ വീടുകളിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണത്തിന്റെ  പ്രാധാന്യം  എത്തിക്കുക. "ഒരു ദിവസം ഒരു യൂണിറ്റ് സംരക്ഷണം"എന്ന ക്യാമ്പയിൻ, അക്ഷയ ഊർജ്ജ സ്രോതസ്സുകളുടെയും ഊർജ്ജ സംരക്ഷണ ഉപകരണങ്ങളുടെയും നിർമാണം എന്നിവയ്ക്കുള്ള പരിശീലനം, വനിതാ സംരംഭങ്ങൾ ഊർജ്ജ കാര്യക്ഷമമാക്കാനുള്ള പരിശീലനം, സംസ്ഥാന സർക്കാരിന്റെ ഗോ ഇലക്ട്രിക് ക്യാമ്പയിൻ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. വനിതാ സംരംഭകർക്ക് അവരുടെ ഊർജ്ജോപയോഗത്തെക്കുറിച്ചുള്ള ധാരണ ഉളവാക്കുക എന്ന രീതിയിൽ ഊർജ്ജ ഓഡിറ്റിങും പദ്ധതി വഴി നടപ്പാക്കും. ഊർജ്ജ ഉപയോഗം കുറച്ച് സംരംഭകരുടെ സേവിങ്‌സ് എങ്ങനെ ഫലപ്രദമാക്കാം എന്നതാണ് ഓഡിറ്റിങ് വഴി ലക്ഷ്യമിടുന്നത്. ഗോ ഇലക്ട്രിക് ക്യാമ്പയിൻ വഴി വനിതാ സംരംഭകർക്ക് അതിന്റെ പ്രാധാന്യമെന്തെന്ന് ബോധവത്കരിക്കുമെന്ന് ഇ എം സി ജില്ലാ കോർഡിനേറ്റർ ഡോ ടി വി വിമൽകുമാർ പറഞ്ഞു. 

 

ഊർജ്ജ സംരക്ഷണ  പ്രവർത്തനത്തിനായി 1996ൽ സംസ്ഥാന വൈദ്യുതിവകുപ്പിന് കീഴിൽ നിലവിൽ വന്ന സർക്കാർ ഏജൻസിയാണ് എനർജി മാനേജ്‍മെന്റ് സെന്റർ അഥവാ ഇ എം സി. ഇ എം സി  തൃശൂർ ഘടകത്തിന്റെ നേതൃത്വത്തിൽ സെന്ററിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി 'സുസ്ഥിരജീവിതം  ഊർജ്ജ സംരക്ഷണത്തിലൂടെ' എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ  വിവിധ  പരിപാടികൾ  സംഘടിപ്പിച്ചു വരികയാണ്. തൃശൂർ ജില്ലയെ സമ്പൂർണ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ജില്ലയായി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമാണ് ഊർജ്ജശ്രീ പദ്ധതി നടപ്പാക്കുന്നത്. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട  എനർജി ഓഡിറ്റ്, സർവേ, ഇലക്ട്രിക് കാർ ക്യാമ്പയിൻ, എൽ ഇ ഡി ബൾബ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.  

 

ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലൂടെ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനായി ഊർജ്ജയാൻ എന്ന പദ്ധതിക്ക് നേരത്തെ തുടക്കം കുറിച്ചിരുന്നു. പുതുക്കാട്, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ഒല്ലൂർ, മണലൂർ എന്നിങ്ങനെ അഞ്ച് നിയോജകമണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. അതത് മണ്ഡലങ്ങളിലെ എംഎൽഎമാർ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാലയങ്ങൾ , വൈദ്യുതിവിഭാഗം, ഗ്രാമീണ വായന ശാലകൾ, കലാ-കായിക സാംസ്കാരിക സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഹോം എനർജി ഓഡിറ്റ്, ഹോം എനർജി സർവേ, ഊർജ്ജ ഉപയോഗ രേഖ, വിവിധ ഓൺലൈൻ മത്സരങ്ങൾ, ഊർജ്ജ സംരക്ഷണ ബോധവത്ക്കരണ സർവേ  തുടങ്ങിയവ ഉൾക്കൊള്ളിച്ച് ജനകീയ ക്യാമ്പയിനും നടത്തിയിരുന്നു. ജില്ലയിലെ 600 വിദ്യാലയങ്ങൾ ഈ പദ്ധതിയിൽ ഭാഗമായിട്ടുണ്ട്.  

 

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ പി എം അഹമ്മദ് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ, ഇഎംസി ഇ ഇ ഡി വിഭാഗം തലവൻ ജോൺസൺ ഡാനിയേൽ എന്നിവർ പങ്കെടുക്കും.

 

--

date