Skip to main content

അജൈവ മാലിന്യ സംസ്‌കരണം: പയ്യന്നൂരിലെ ഹരിതകര്‍മ്മ സേന വ്യാപാരകേന്ദ്രങ്ങളിലേക്കും

അജൈവ മാലിന്യ ശേഖരണത്തിന് പുതിയ പദ്ധതിയുമായി പയ്യന്നൂര്‍ നഗരസഭ. വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും അജൈവ മാലിന്യ ശേഖരണത്തിനൊരുങ്ങുകയാണ് ഹരിതകര്‍മ്മസേന. നെല്ലിക്ക ആപ്പിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് തിങ്കളാഴ്ച (ആഗസ്ത് 2) തുടക്കമാവും. വീടുകള്‍ക്കു പുറമേ വ്യാപാര സ്ഥാപനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ നഗരമാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും മാതൃകയാവുകയാണ് നഗരസഭ.

മാലിന്യശേഖരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നെല്ലിക്ക ആപ്പിലൂടെ വീട്ടുകാര്‍ക്കും സ്ഥാപന ഉടമകള്‍ക്കും നഗരസഭയ്ക്കും ലഭിക്കും. മാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറാത്തവരുടെ വിവരവും  ഇതിലൂടെ കണ്ടെത്താനാവും. അത്തരക്കാരെ ബോധവത്ക്കരിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും കഴിയും.
ശേഖരിച്ച മാലിന്യം നഗരസഭയുടെ മൂരിക്കൊവ്വലിലുള്ള റിസോഴ്‌സ് റിക്കവറി ഫസിലിറ്റി (ആര്‍ആര്‍എഫ്) സെന്ററിലേക്ക് മാറ്റും. ഇവിടെ നിന്നും മൂല്യമുള്ള വസ്തുക്കള്‍ അംഗീകൃത ഏജന്‍സിക്ക് കൈമാറും. പ്രത്യേകം തയ്യാറാക്കിയ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ കൂടാതെ പെറ്റ് ബോട്ടില്‍, തെര്‍മോകോള്‍, മരുന്ന് സ്ട്രിപ്പ്, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് മാലിന്യം, തുണി എന്നിവയും വ്യത്യസ്ത മാസങ്ങളിലായി ഹരിത കര്‍മ്മസേന ശേഖരിച്ച് സംസ്‌കരണത്തിന് അയക്കും. ഹരിത സഹായ സ്ഥാപനമായ നിര്‍മ്മല്‍ ഭാരത് ട്രസ്റ്റാണ് ഹരിത കര്‍മ്മ സേനയുടെ ഡിജിറ്റലൈസേഷന് സഹായിക്കുന്നത്. സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് മുക്ത നഗരസഭയായി പയ്യന്നൂരിനെ മാറ്റി ഹരിത നഗരസഭയായി നിലനിര്‍ത്തുകയാണ്  ലക്ഷ്യം.

 

date