Skip to main content
ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നാടിന് സമര്‍പ്പിച്ചു

ജില്ലാ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നാടിന് സമര്‍പ്പിച്ചു

കൊവിഡ് രോഗികള്‍ക്ക് ഉള്‍പ്പെടെ ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച ഓക്‌സിജന്‍ ടാങ്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 6000 ലിറ്റര്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമായ വേളയില്‍ ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് നമ്മുടെ ആശുപത്രികളിലും ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികള്‍ക്കാവശ്യമായ ഓക്സിജന്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇത്തരം ശക്തമായ ഇടപെടലുകളാണ് കേരളത്തില്‍ ഓക്സിജന്‍ ലഭിക്കാതെ ആളുകള്‍ മരിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മറ്റ് ആശുപത്രികളിലും ഇത്തരം ഓക്സിജന്‍ ടാങ്കുകളും പ്ലാന്റുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, വി കെ സുരേഷ് ബാബു, അംഗം തോമസ് വക്കത്താനം, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡിപിഎം ഡോ. പി കെ അനില്‍ കുമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊവിഡ് രണ്ടാം തരംഗത്തോടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് നേരിട്ട സാഹചര്യത്തിലാണ് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും കെയര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയും ചേര്‍ന്ന് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചത്. കെയര്‍ ഇന്ത്യയാണ് ടാങ്ക് സംഭാവന ചെയ്തത്. ടാങ്കിന് ചുറ്റിലുമുള്ള ഇരുമ്പ് വേലിക്കും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.

date