കണ്ണൂര്‍ അറിയിപ്പുകള്‍03-08-2021
ഭരണാനുമതിയായി
ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ എംഎല്‍എ കെസി ജോസഫിന്റെ 2019-20 വര്‍ഷത്തിലെ പ്രത്യേക വികസന നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ശ്രീകണ്ഠാപുരം നഗരസഭയിലെ ചെമ്പന്തൊട്ടി ഓടക്കുണ്ട് അംഗന്‍വാടി റോഡ് നവീകരിക്കുന്ന പ്രവൃത്തിക്ക് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
അനെര്‍ട്ടും റബ്കോയും ധാരണാപത്രത്തില്‍ ഒപ്പിടും
സംസ്ഥാനത്തെ ആദ്യത്തെ റെസ്‌കോ മോഡല്‍ സൗരോര്‍ജ്ജ പദ്ധതിക്കായി അനെര്‍ട്ടും റബ്കോയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിടും. ബുധനാഴ്ച (ആഗസ്ത് നാല്) ഉച്ചക്ക് 2.30ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിയമസഭയിലെ വൈദ്യുത മന്ത്രിയുടെ ഓഫീസില്‍ അനെര്‍ട്ട് ചീഫ് എക്സിക്യൂട്ടീവ് നരേന്ദ്രനാഥ് വെളുരിയും റബ്കോ എംഡി പി വി ഹരിദാസനും ചേര്‍ന്ന് ഒപ്പിടും.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ലഘു വ്യവസായ യോജന പദ്ധതിക്കു കീഴില്‍ സ്വയം തൊഴില്‍ വായ്പാ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പരമാവധി നാലു ലക്ഷം രൂപയാണ് വായ്പ അനുവദിക്കുക. ആറു ശതമാനം പലിശ നിരക്കില്‍ വായ്പാ തുക 60 തുല്ലൃ മാസ ഗഡുക്കളായി തിരിച്ചടക്കണം. പ്രായപരിധി 18 നും 55 നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. വായ്പാ തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താല്പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2705036, 9446778373
പാരമ്പര്യേതര ട്രസ്റ്റി നിയമനം
പയ്യന്നൂര്‍ താലൂക്കിലെ ചാലക്കോട് വില്ലേജില്‍പ്പെട്ട മുത്തത്തി അപ്പന്‍ ധര്‍മ്മശാസ്താ ക്ഷേത്രം, പെരിന്തട്ട വില്ലേജില്‍പ്പെട്ട മേച്ചിറ മേലൂക്കുളങ്ങര ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നോ www.malabardevaswom.kerala.gov.in ലോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 13ന് വൈകിട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
ലേലം ചെയ്യും
പൊതുമാരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ ഓഫീസിന് കീഴിലുള്ള മരങ്ങള്‍ ആഗസ്ത് ഒമ്പതിന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് ആറ് വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kerala.pwd.gov.in. ഫോണ്‍: 0497 2705305.
കതിരൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച സാധനങ്ങള്‍ ലേലം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ലേലം ആഗസ്ത് ഒമ്പത് തിങ്കളാഴ്ച രാവിലെ 11.30ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം സ്ഥലത്ത് ഹാജരാകണം. ഫോണ്‍: 0490 2306180, 7907513904.
സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം, സോഷ്യല്‍ ഓഡിറ്റ് മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഗ്രാമവികസനം/വികേന്ദ്രീകാസൂത്രണം/ഗവണ്‍മെന്റ് ഓഡിറ്റിങ്ങില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍ ആര്‍ ഇ ജി എസ്, സംസ്ഥാന മിഷന്‍ ഓഫീസ്, അഞ്ചാം നില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ആഗസ്ത് 16ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nregs.kerala.gov.in ഫോണ്‍ : 0471 2313385, 2314385.
മാതൃജ്യോതി; അപേക്ഷ ക്ഷണിച്ചു
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷണത്തിനും പരിചരണത്തിനുമായി ധനസഹായം നല്‍കുന്ന മാതൃജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം രണ്ടായിരം രൂപ വീതം രണ്ട് വര്‍ഷത്തേക്കാണ് ധനസഹായം ലഭിക്കുക.
മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്, ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ പ്രസവിച്ച് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712255, 0497 2997811, 8281999015.
ശില്‍പശാല സംഘടിപ്പിച്ചു
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള ഐഎച്ച്ആര്‍ഡി കോളേജുകളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരുടെ ഏകദിന ശില്‍പശാല നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍ കെ ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വി വീണ അധ്യക്ഷയായി. എന്‍ എസ് എസ് സംസ്ഥാന പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. അജിത്ത് സെന്‍ നേതൃത്വം നല്‍കി. ടി ദിനൂപ്, വിനയ് ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു
- Log in to post comments