കുംഭച്ചുരയ്ക്ക വിളവെടുപ്പ് നടന്നു
എറണാകുളം: കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോം അങ്കണത്തിൽ കുംഭച്ചുരയ്ക്ക വിളവെടുപ്പ് നടന്നു. എറണാകുളം ജില്ലാ പഞ്ചായത്തംഗം അഡ്വ. യേശുദാസ് പറപ്പിള്ളി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സുഭിക്ഷം സുരക്ഷിതം - ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രചരണാർത്ഥം പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത കൃഷിയിൽ നിന്നാണ് നൂറുമേനി വിളവെടുത്തത്.
വൃക്ഷായുർവേദ വിധിപ്രകാരമുള്ള ഹരിത കഷായം, ഗുണപജലം, ജീവാമൃതം മുതലായ വളക്കൂട്ടുകളും പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവയും ഉപയോഗിച്ചാണ് കൃഷി ചെയ്തത്.
നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന പച്ചക്കറി വിളയാണ് ചുരക്ക. ഇവയുടെ തണ്ട് ആയുർവേദ ഔഷധ നിർമാണത്തിലെ ഒരു ഔഷധിയാണ്. ചുരക്ക പിഴിഞ്ഞെടുത്ത നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. വിനാഗിരി ചേർത്ത് പാകപ്പെടുത്തി പനി മാറുന്നതിനും ചുരക്ക ഉപയോഗിക്കുന്നു. ഇതിൻ്റെ തോട് ഉണക്കി അതിൽ വെള്ളം ചേർത്ത് 24 മണിക്കൂറിനു ശേഷം കുടിക്കുന്നത് പ്രമേഹം കുറയുന്നതിനും സഹായിക്കും. ഇത്രയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ് കുംഭ ചുരയ്ക്ക.
ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, വിദ്യാർത്ഥികൾ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു
- Log in to post comments