Skip to main content

ചെറുകിട -അസംഘടിത സംരംഭ സര്‍വേ: ശരിയായ വിവരങ്ങള്‍ രേഖപ്പെടുത്തണം

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ മൂലം പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതോ വരുമാന-ചെലവുകളില്‍ ഗണ്യമായ വ്യതിയാനങ്ങള്‍ വന്നതോ ആയ നിരവധി സംരംഭങ്ങളാണ് ചെറുകിട -അസംഘടിത മേഖലകളിലുള്ളതെന്നും  രാജ്യത്തിന്റെ ശരിയായ നയരൂപീകരണത്തിനും വികസനത്തിനും ശരിയായ വിവരങ്ങള്‍ അത്യന്തം പ്രാധാന്യമുള്ളതായതിനാല്‍ അസംഘടിത മേഖലയിലെ സംരംഭങ്ങളെക്കുറിച്ചുള്ള  ഇത്തരം വിവരങ്ങള്‍ അതേപടി രേഖപ്പെടുത്തണമെന്നും ദേശീയ സാമ്പിള്‍ സര്‍വേയുടെ അവലോകനയോഗം എന്യൂമറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനവും കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പി വി സാമി മെമ്മോറിയല്‍ ഹാളില്‍ നടന്നു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ എഫ് മുഹമ്മദ് യാസിര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പി ടി കുമാരന്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ എം ജെ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. തദ്ദേശസ്ഥാപനങ്ങള്‍ പോലീസുമായുള്ള കോ-ഓര്‍ഡിനേഷന്‍ തുടരാനും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സര്‍വേ ഒഴിവാക്കാനും തീരുമാനിച്ചു. എന്‍ എസ് ഒ നടത്തുന്ന വിവിധ ദേശീയ സാമ്പിള്‍ സര്‍വേകളില്‍  ശരിയായ വിവരം നല്‍കി രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകാന്‍ പൊതുജനങ്ങളോട് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു

date