Skip to main content

ഞവര മുതൽ കാട്ട് നെല്ല് വരെ: വഴിക്കുളങ്ങരയിൽ സുഗന്ധ ഔഷധ നെൽകൃഷിക്ക് തുടക്കമായി

 

 

എറണാകുളം: വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത സുഗന്ധ ഔഷധ നെൽകൃഷിക്ക് വഴിക്കുളങ്ങരയിൽ തുടക്കമായി. കർഷകനായ സോമൻ ആലപ്പാട്ടിൻ്റെ കൃഷിയിടത്തിലാണ് നെൽകൃഷി. ആറ് ഇനം സുഗന്ധ ഔഷധ നെല്ലുകളാണ് കൃഷി ചെയ്യുന്നത്. വയനാട്ടിലെ പരമ്പരാഗത കർഷകനും ഔഷധ നെല്ലിനങ്ങളുടെ സംരക്ഷകനുമായ പ്രസീദ് കുമാറിൽ നിന്നുമാണ് വിത്തുകൾ ശേഖരിച്ചത്. 

 

കേരളത്തിൻ്റെ തനത് നെല്ലിനമായ ഞവര, രാജാക്കൻമാരുടെ ഭക്ഷണമായ രക്തശാലി, നെല്ലിക്കയുടെ ഗുണമുള്ള ഡാബർശാല, വയനാടിൻ്റ തനത് നെല്ലിനമായ കുഞ്ഞൻതൊണ്ടി, കാടുകളിൽ മാത്രം കണ്ടിരുന്ന വയലറ്റ് നിറമുള്ള ഓലയുള്ള കറുവാച്ചിയെന്ന കാട്ട് നെല്ല്, മല്ലിക്കുറുവ എന്ന ഔഷധ നെല്ല് തുടങ്ങി വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന നെല്ലിനങ്ങളുടേതാണ് കൃഷി.

 

വെള്ളക്കെട്ടുള്ള മൂന്നേക്കർ ചതുപ്പ് നിലം കൃഷിയോഗ്യമാക്കിയാണ് കൃഷി ചെയ്യുന്നത്. വൃക്ഷായുർവേദ വിധി പ്രകാരം ചെയ്യുന്ന കൃഷിയ്ക്കായി വളങ്ങളും ജൈവ കീടനാശിനികളും കൃഷിഭവൻ വഴി സൗജന്യമായി നൽകി. ഇവ നിർമ്മിക്കുന്നതിനായി കോട്ടുവള്ളി പഞ്ചായത്തിൽ രണ്ട് ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പുകൾ (എഫ്.ഐ.ജി) ഉണ്ട്. അഞ്ച് മുതൽ പത്ത് വരെ കർഷകർ ഓരോ ഗ്രൂപ്പിലും ഉണ്ടാകും. നെൽകൃഷിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി, അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രണ്ട് ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പുകൾ നിലവിലുണ്ട്.

 

എല്ലാ നെല്ലിനങ്ങളും 100 മുതൽ 130 ദിവസത്തിൽ വിളവെടുക്കാം. കൃഷിയിൽ നിന്ന് ലഭിക്കുന്ന നെല്ലുകൾ ശേഖരിച്ച് അവയുടെ വിത്തുകൾ മറ്റ് കർഷകർക്ക് കൃഷിഭവൻ വഴി നൽകും. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

 

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി - സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. കോട്ടുവള്ളി പഞ്ചായത്തിൽ 250 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ കീഴിൽ കൃഷി ചെയ്യുന്നത്.

date