Skip to main content

പരമ്പരാഗത നടൻ പച്ചക്കറി കൃഷിയുമായി ഷൈൻ

എറണാകുളം: ജൈവകൃഷിയിലൂടെ പ്രകൃതി സംരക്ഷണം എന്ന മുദ്രാവാക്യവുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കർഷകനായ ഷൈൻ വലിയാറയുടെ കൃഷിയിടത്തിൽ പരമ്പരാഗത നാടൻ പച്ചക്കറികളുടെ കൃഷിയാരംഭിച്ചു. വീട്ടുവളപ്പിലെ 50 സെൻ്റ് സ്ഥലത്താണ് കൃഷി.

 

എസ്.എൽ.ആർ.പി (സീനിയർ ലോക്കൽ റിസോഴ്സ് പേഴ്സൺ) കർഷകനായ ഷൈൻ വൃക്ഷായുർവേദ വിധിപ്രകാരമുള്ള വളക്കൂട്ടുകൾ സ്വന്തമായി നിർമ്മിച്ച് കൃഷിയിടത്തിൽ പ്രയോഗിക്കുകയാണ്. പറവൂർ മേഖലയിൽ എട്ട് എസ്.എൽ.ആർ.പി കർഷകരാണ് ഉള്ളത്. ജൈവ വളക്കൂട്ടുകളും കീടനാശിനികളും സ്വന്തമായി നിർമ്മിച്ച് മറ്റുള്ളവർക്കായി മാതൃകാ കൃഷിത്തോട്ടം ഒരുക്കുന്നവരാണ് ഇവർ. ബ്ലോക്ക് തല കമ്മറ്റി അംഗങ്ങളായ ഈ കർഷകർ മറ്റ് കർഷകർക്ക് പരിശീലനവും നൽകുന്നുണ്ട്. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമാണ് കൃഷി ചെയ്യുന്നത്.

 

വംശനാശ ഭീഷണി നേരിടുന്നതും കേരളത്തിൽ കൃഷി ചെയ്യുന്ന ചീരകളിൽ ഏറ്റവും തീഷ്ണമായ ചുവപ്പു നിറമുള്ള ചീരയിനമായ വ്ളാത്താങ്കര ചീര, കേരളത്തിൽ വളരെ വിരളമായി കൃഷി ചെയ്യുന്നതും രോഗ പ്രതിരോധശേഷിയുള്ള പാവൽ ഇനമായ ഓണക്കൂർ പാവൽ, നാടൻ പടവലം, ആനക്കൊമ്പൻ വെണ്ട, നെയ് കുമ്പളം, പറവൂരിൻ്റെ നാടൻ പീച്ചിൽ, നാടൻ കോവൽ മുതലായ ഇനങ്ങളാണ് മാതൃകാ തോട്ടത്തിൽ കൃഷി ചെയ്യുന്നത്. 

 

വ്ളാത്താങ്കര ചീരയുടെ വിത്തു വിതയ്ക്കൽ എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തംഗം സുമയ്യ ടീച്ചർ, കൃഷി ഓഫീസർ കെ.സി റെയ്ഹാന, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ എന്നിവർ പങ്കെടുത്തു. 

 

 

date