പഞ്ചായത്ത്തലത്തില്‍ ശിശുസംരക്ഷണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും: ബാലാവകാശകമ്മീഷന്‍ ചെയര്‍മാന്‍
കുട്ടികളുടെ ആത്യന്തികമായ സംരക്ഷണമാണ് ലക്ഷ്യമെന്നും അതിനായി നിലവിലുളള സര്‍ക്കാര്‍-സര്‍ക്കാരിതര ശിശുസംരക്ഷണ സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴില്‍ നിര്‍ത്തി പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തന സംവിധാനം രൂപവത്കരിച്ചിട്ടുണ്ടെന്നും സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ സി.ജെ.ആന്‍റണി പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചേബറില്‍ നടന്ന യോഗത്തില്‍ ചൈല്‍ഡ് ഫ്രണ്ട്ലി ലോക്കല്‍ ഗവേണന്‍സ് എന്ന ആശയത്തിലധിഷ്ഠിതമായ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നഗരസഭാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്തല സമിതികള്‍ക്ക് കീഴില്‍ നിലവിലുളള ജാഗ്രതാ സമിതികള്‍, നിര്‍ഭയകേന്ദ്രങ്ങള്‍, കുടുംബശ്രീ സംവിധാനങ്ങള്‍, പൊതുജന ആരോഗ്യകേന്ദ്രങ്ങളുള്‍പ്പെടെയുളളവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുളള സംവിധാനമാണ് രൂപവത്കരിച്ചിരിക്കുന്നത്. അതുവഴി തദ്ദേശസ്ഥാപനങ്ങളിലെ കുട്ടികളുടെ നിലവിലുളള അവസ്ഥ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് (സ്റ്റാറ്റസ് റിപ്പോര്‍ട്ട്)തയ്യാറാക്കാന്‍ ജില്ലാ ശിശു സംരക്ഷണ സമിതി കോ-ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന റിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കുമെന്ന് ജി്ല്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍ അറിയിച്ചു. സര്‍വെയ്ക്ക് ശേഷം പ്രശ്നം പരിഹാരവും ആവശ്യമെങ്കില്‍ അനുയോജ്യമായ മാതൃകാ പദ്ധതിക്ക് രൂപം നല്‍കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കുട്ടികളുടെ പ്രശ്നങ്ങള്‍ ഓരോ സ്ഥലത്ത് വ്യത്യസ്തമാണ് . പത്രമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിന് മുന്‍പ് അവ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ സാധിക്കണം. അതത് തദ്ദേശസ്ഥാപനത്തിലൂടെയെ പ്രശ്നത്തിനധിഷ്ഠിതമായ പരിഹാരമാര്‍ഗം മുന്നോട്ട് വെയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. അതിന് മനശാസ്ത്രപരമായ സാമൂഹിക ഇടപെടല്‍ ആവശ്യമാണ്. കേന്ദ്ര ശിശുസംരക്ഷണ പദ്ധതികള്‍ കൂടി സമന്വയിപ്പിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്.
കുട്ടികളിലെ ലഹരി ഉപഭോഗം തടയുക, ലഹരിക്കടിമയായ കുട്ടികളെ പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രശ്നങ്ങളുടെ പരിഹാരം കൂടി ഈ ഏകോപന സംവിധാനത്തിലൂടെ സാധ്യമാക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും ശിശു സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് ഐ.സി.ഡി.എസ് പ്രവര്‍ത്തകരും പഞ്ചായത്ത്തല പ്രവര്‍ത്തകരും മുന്‍കൈ എടുക്കണമെന്നും ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു.
പൊതുഗതാഗത വാഹനങ്ങളില്‍ കുട്ടികളുടെ സംരക്ഷണത്തിനുളള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ആര്‍.റ്റി.ഒ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ഥികളുടെ യാത്ര പ്രശ്നങ്ങളുടെ പരിഹാരത്തിനായി ബസ് ഉടമകളുമായുളള യോഗം വിളിച്ചു ചേര്‍ക്കാനും ജില്ലാ കലക്ടര്‍ ആര്‍.റ്റി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാആശുപത്രിയോടനുബന്ധിച്ചുളള വനിതാ- ശിശു ആശുപത്രി റോഡിലെ വാഹനപാര്‍ക്കിങ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ ട്രാഫിക്ക് റെഗുലേറ്ററി അതോറിറ്റിക്ക് കത്തു നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.പാര്‍ക്കിങ്ങിന് ബദല്‍ സംവിധാനം കണ്ടെത്തുക എന്ന നിര്‍ദ്ദേശവും ജില്ലാ കലക്ടര്‍ മുന്നോട്ട് വെച്ചു. ജില്ലാ ആശുപത്രിയിലെ 'അമ്മത്തൊട്ടിലിന്‍റെ' നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും ഡി.എം.ഒ പ്രതിനിധി ഡോ.ജയന്തി അറിയിച്ചു.
ജില്ലാ ശിശു സംരക്ഷണ യുനിറ്റ് മുഖാന്തിരം 2018 ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ പോക്സോ നിയമവുമായി ബന്ധപ്പെട്ടുളള 34 കേസുകളില്‍ പുനരധിവാസവും,നിയമ സഹായവും, കൗണ്‍സലിങ്ങും നല്‍കിയതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജില്ലാ ശിശു സംരക്ഷണ സമിതി യോഗത്തില്‍ അറിയിച്ചു. നാല് ദത്തെടുക്കലും അഞ്ച് ഫോസ്റ്റര്‍ കെയറും നടന്നു. സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 71 കുട്ടികള്‍ക്ക് 11,18,000 രൂപ നല്‍കി. ജില്ലയിലെ 117 ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ 10 സ്ഥാപങ്ങളുടെ ജെ ജെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി,സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.45 സ്ഥാപനങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.കാവല്‍ പദ്ധതിയിലൂടെ നിയമവുമായി പൊരുത്തപ്പെടാത്ത 122 കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടികള്‍ നടത്തിവരുന്നുണ്ട് .യോഗത്തില്‍ അസിസ്റ്റന്‍റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രഫുല്ലദാസ് , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസ് പോള്‍, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് പുത്തന്‍പുരയ്ക്കല്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) രാമകൃഷ്ണന്‍, പൊലീസ്, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments