Skip to main content

നിപ വൈറസ്: ഭയം വേണ്ട, ശ്രദ്ധ വേണം- ആരോഗ്യ മന്ത്രി

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തില്‍ ഭീതി പരത്തേണ്ട ആവശ്യമില്ലെന്നും ആര്‍ക്കും ഭയം വേണ്ടെന്നും ശ്രദ്ധയും ജാഗ്രതയും ഉണ്ടായാല്‍ മതിയെന്നും ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിപ വൈറസിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ദൂരെ നിന്ന് കണ്ടാല്‍ പോലും വൈറസ് പകരുമെന്ന തരത്തില്‍ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്ളവരോട് പെരുമാറരുത്. വളരെ അടുത്ത് ഇടപഴകുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇതൊഴിവാക്കുന്നതിനാണ് സമ്പര്‍ക്ക ലിസ്റ്റിലുള്ളവര്‍ പരമാവധി വീടുകളില്‍ കഴിയണമെന്നും എല്ലാവരും പൊതുസമ്പര്‍ക്കം പരമാവധി കുറക്കണമെന്നും നിര്‍ദ്ദേശിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 193 സാമ്പിളുകളാണ് ഇതു വരെ പരിശോധിച്ചത്. അതില്‍ 175 ഉം നെഗറ്റീവാണ്. 18 എണ്ണം പോസിറ്റീവും. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച റോജയ്ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2000 ത്തിനടുത്ത് ആളുകള്‍ നിലവില്‍ സമ്പര്‍ക്ക ലിസ്റ്റിലുണ്ട്. ഇത് ഇനിയും വര്‍ധിപ്പിക്കേണ്ടി വരും. രോഗികള്‍ എത്തിപ്പെട്ട എല്ലാ ആശുപത്രികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
നിപ വൈറസിന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇന്നലെ (ജൂണ്‍ 2) എത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാത്രമേ ഇത് തൂറക്കൂവെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. ഐ.സി.എം.ആര്‍ പ്രതിനിധികള്‍ തിങ്കളാഴ്ച എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മുന്‍ കരുതലിന്റെ ഭാഗമായി എത്തിച്ച മരുന്ന് നിലവിലുള്ള രോഗികളില്‍ ഉപയോഗിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തില്‍ സി.കെ. നാണു എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ രാജേന്ദ്രന്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.ജി. അരുണ്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ തുടങ്ങിയവരും പങ്കെടുത്തു.

date