നിപ വൈറസ് പ്രതിരോധത്തിന് 1.75 കോടിയുടെ സഹായം
നിപ വൈറസ് ബാധ പ്രതിരോധത്തിന് 1.75 കോടി രൂപയുടെ മെഡിക്കല്‍ സാമഗ്രികള്‍ അബുദാബി ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയര്‍ നല്‍കും. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം രൂപയുടെ സാമഗ്രികള്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വി.പി.എസ് കെയര്‍ ഹെല്‍ത്ത് ഇന്ത്യ ഓപറേഷന്‍സ് മാനേജര്‍ ഹാഫിസ് അലിയില്‍ നിന്ന് ഏറ്റു വാങ്ങി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന് കൈമാറി.
കോഴിക്കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ഡി.എം.ഒ ഡോ. വി.ജയശ്രീ, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അരുണ്‍ കുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ സജിത് കുമാര്‍ തുടങ്ങിയവരും വിപിഎസ് ഹെല്‍ത്ത് കെയര്‍ ഇന്ത്യ റിലേഷന്‍സ് മാനേജര്‍ കെ.പി സഫര്‍. വി.പി.എസ് ഫൗണ്ടേഷന്‍ ഇന്‍ചാര്‍ജ് രാജീവ് മാങ്കോട്ടില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വി.പി.എസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ കോഴിക്കോട് സ്വദേശി ഡോ. ഷംഷീര്‍ വയലിലുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ സാമഗ്രികള്‍ അനുവദിച്ചത്. പി.പി കിറ്റ്, എന്‍ 95 മാസ്‌ക്, ത്രീലെയര്‍ മാസ്‌ക്, ബോഡിബാഗ്, ഗ്ലൗസ് തുടങ്ങിയവയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ വി.പി.എസ് ഹെല്‍ത്ത് കെയറിനും ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിനും മന്ത്രി നന്ദി അറിയിച്ചു. 30 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ആദ്യഘട്ടമെന്ന നിലക്കാണ് എത്തിച്ചതെന്നും ഉടന്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്നും വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഇന്ത്യാ ഇന്‍ചാര്‍ജ് ഹാഫിസ് അലി, സി.എസ്.ആര്‍ ഇന്‍ചാര്‍ജ് രാജീവ് മാങ്കോട്ടില്‍, ഇന്ത്യാ റിലേഷന്‍ഷിപ്പ് മാനേജര്‍ സഫര്‍ കെ.പി എന്നിവര്‍ അറിയിച്ചു.
- Log in to post comments