ഓണാഘോഷത്തിനായ് അവശ്യസാധനങ്ങൾ വിലക്കുറവിൽ
സപ്ലൈകോ ഓണം ഫെയർ ബുധനാഴ്ച മുതൽ
എറണാകുളം: ഓണത്തിനോടനുബന്ധിച്ച് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്ത് 11 മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങും. ജില്ലാതല ഫെയറി നോടൊപ്പം താലൂക്ക് തലത്തിലും അതാത് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചും ഫെയറുകൾ നടക്കും.
പൊതുവിപണിയിലെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഫെയറുകൾ സംഘടിപ്പിക്കുന്നത്. ന്യായമായ വിലക്ക് ഗുണമേന്മയുള്ള അവശ്യസാധനങ്ങൾ കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് വിതരണം ചെയ്യും.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും
വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ചെറിയ ഗൃഹോപകരണങ്ങൾ ഉൾപ്പടെ മുഴുവൻ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. ഇവിടെ നിന്നും വാങ്ങുന്ന ബ്രാൻഡഡ് ഉല്പന്നങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ആഗസ്റ്റ് 16 മുതൽ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടക്കും.
ചെറുപയർ ഒരു കി.ഗ്രാം - 74 രൂപ, ഉഴുന്നുപരിപ്പ് ഒരു കി.ഗ്രാം - 66 രൂപ, തുവര പരിപ്പ് ഒരു കി.ഗ്രാം - 65 രൂപ, കടല ഒരു കി.ഗ്രാം - 43 രൂപ, വൻപയർ ഒരു കി.ഗ്രാം - 45 രൂപ, മുളക് 500 ഗ്രാം - 37.50 , മല്ലി 500 ഗ്രാം 39.50, പഞ്ചസാര ഒരു കി.ഗ്രാം - 22 രൂപ, മട്ട അരി ഒരു കി.ഗ്രാം - 24 രൂപ, ജയ അരി ഒരു.കി.ഗ്രാം 25 രൂപ, പച്ച അരി ഒരുകി.ഗ്രാം - 23, ശബരി സബ്സിഡി വെളിച്ചെണ്ണ ഒരു ലിറ്റർ - 46 രൂപ തുടങ്ങിയവയാണ് സപ്ലൈകോയിൽ നിന്നും സബ്സിഡി യിനത്തിൽ ലഭിക്കുന്ന പ്രധാന അവശ്യ സാധനങ്ങൾ.
എറണാകുളം ജില്ലാ ഫെയറുകൾ മറൈൻ ഡ്രൈവ് ഹെലിപാഡ് മൈതാനിയിൽ നടക്കും. രാവിലെ 11.30ന് ഓൺലൈൻ മുഖേന മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എം എൽ എ അധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. കൊച്ചി കോർപറേഷൻ മേയർ അഡ്വ.എം. അനിൽകുമാർ ആദ്യ വില്പന നടത്തും. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തന സമയം. ഓണം ഫെയർ 20 ന് സമാപിക്കും.
- Log in to post comments