സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തില്‍
എറണാകുളം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലാ ആസ്ഥാനത്ത് പുരോഗമിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട് മൈതാനിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിവാദ്യം സ്വീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്നും കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പ്രവേശനമുണ്ടായിരിക്കില്ല എന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കും ചടങ്ങില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ഓഗസ്റ്റ് 11, 12 തിയതികളില്‍ വൈകീട്ട് 3 മണി മുതല്‍ 5.30 വരെ സ്വാതന്ത്ര്യദിന പരേഡ് റിഹേഴസല്‍ നടത്തും. 13 ന് രാവിലെ 7.30 മുതല്‍ ആണ് ഡ്രസ് റിഹേഴ്‌സല്‍. സ്വാതന്ത്ര്യദിന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. എ.ഡി.എം എസ്. ഷാജഹാന്‍. കൊച്ചി സിറ്റി എ.ആര്‍ ക്യാമ്പ് കമാന്‍ഡന്റ് കെ. സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കെ.കെ ജയകുമാര്‍, ഹുസൂര്‍ ശിരസ്തിദാര്‍ ജോര്‍ജ് ജോസഫ്, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments