സാങ്കേതിക ശില്‍പശാല 14 ന്; അഷ്ടമുടിക്കായലിനായി കൈകോര്‍ക്കാന്‍ പ്രമുഖരും-മേയര്‍
അഷ്ടമുടി കായലിനെ വീണ്ടെടുക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമാകാന്‍ പ്രമുഖരെത്തുന്നു. സുസ്ഥിര ജല വിനിയോഗത്തിന്റെ സന്ദേശവാഹകന്‍-മഴമനുഷ്യന്‍ എന്നിങ്ങനെ പേരുകേട്ട വിശ്വനാഥ ശ്രീകണ്ഠയ്യയും നഗരാസൂത്രണ വിദഗ്ധന്‍ ബെയിലി ഇ. മേനോനും 14ന് നടത്തുന്ന സാങ്കേതിക ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. അന്തര്‍ദേശീയ വിനോദസഞ്ചാര സാധ്യതയുള്ള റാംസര്‍ സൈറ്റില്‍ ഉള്‍പ്പെട്ട അഷ്ടമുടിയെ ശുദ്ധീകരിച്ച് സംരക്ഷിക്കുന്നതിനും ആവാസവ്യവസ്ഥ സുരക്ഷിതമാക്കുന്നതിനുമുളള ദീര്‍ഘ-ഹ്രസ്വകാല പദ്ധതികളാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തീരത്തുള്ള 12 ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് തയ്യാറാക്കുന്നത്. പദ്ധതിയുടെ ശാസ്ത്രീയത ഉറപ്പ് വരുത്താനാണ് സാങ്കേതിക ശില്പശാല നടത്തുന്നത്-മേയര്‍ വ്യക്തമാക്കി.
സി. കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും. അഞ്ചു സെഷനുകളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ എം. എല്‍. എ മാര്‍, അഷ്ടമുടിയുടെ തീരത്തുള്ള ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍-ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ പ്രവര്‍ത്തകര്‍, മറ്റു ജനപ്രതിനിധികള്‍, നഗരാസൂത്രകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിശ്വനാഥ് ശ്രീകണ്ഠയ്യ
ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വനാഥ് ശ്രീകണ്ഠയ്യ ജല സംരക്ഷണ യജ്ഞം ജീവിതസന്ദേശമാക്കിയ വ്യക്തിത്വമാണ്. പരമ്പരാഗതമായി കിണര്‍ കുഴിക്കുന്നവരുടെ സംഘത്തോടൊപ്പം നഗരത്തിലുടനീളം ഒരു ലക്ഷത്തിലധികം റീചാര്‍ജ് കിണറുകള്‍ നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കി. ബെംഗലുരു ഉള്‍പ്പെടെ ഇന്ത്യയിലെ ഒട്ടേറെ നഗരങ്ങള്‍ നേരിടുന്ന ജലക്ഷാമത്തിന് പരിഹാര മാര്‍ഗം പ്രായോഗികമായി തെളിയിച്ചാണ് മുഖ്യധാരാ വാര്‍ത്തകളില്‍ ഇടം നേടിയത്. സര്‍ക്കാരിനെയും ജനങ്ങളെയും ജലസംരക്ഷണ വഴിയിലേക്ക നയിച്ചതാണ് മുഖ്യ സവിശേഷത.
ബൈലി ഇ. മേനോന്‍
നഗരാസൂത്രണത്തില്‍ പരിസ്ഥിതി പാലന സന്ദേശം കോര്‍ത്തിണക്കി പുതു ശൈലി സ്വീകരിച്ചാണ് ബൈലി ഇ. മേനോന്‍ ശ്രദ്ധേയനായത്. നഗരത്തിന്റെ പച്ചപ്പ് ഉറപ്പാക്കുന്ന നിര്‍മാണ രീതി, അവയ്ക്ക് വിനോദസഞ്ചാര മേഖലയിലുള്ള സാധ്യത, പൈതൃക സ്മാരക സംരക്ഷണം, സുസ്ഥിര വികസനം എന്നിവയ്ക്ക് പുതിയ മാനം പകര്‍ന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ ഡിസൈനേഴ്‌സിന്റെ ദേശീയ ഉപാധ്യക്ഷനാണ്.
(പി.ആര്‍.കെ നമ്പര്‍.2043/2021)
- Log in to post comments