Skip to main content

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി;  അനുബന്ധ സെമിനാറില്‍ ഉയര്‍ന്നത് മികച്ച ആശയങ്ങള്‍

ആസൂത്രണമികവിന്റെ അടയാളപ്പെടുത്തലുകളും കാല്‍നൂറ്റാണ്ടിന്റെ അനുഭവസമ്പത്തും ഭാവിപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്ത് ജില്ലാ ആസൂത്രണ സമിതിയുടെ അനുബന്ധ ശില്‍പശാല. ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ചെയര്‍മാനും അധ്യക്ഷനുമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ചൂണ്ടിക്കാട്ടിയത്. നാടിന് ഇനിയും ആവശ്യമായ വികസന വിടവുകള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് മെമ്പര്‍ സെക്രട്ടറിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു.  
‘ജനകീയാസൂത്രണം- കൊല്ലത്തിന്റെ മുഖച്ഛായ മാറ്റിയ കാല്‍നൂറ്റാണ്ട്' എന്ന വിഷയത്തില്‍  നടത്തിയ പ്രഭാഷണത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃത ആസൂത്രണ വിഭാഗം മേധാവി ജെ. ജോസഫൈന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴിയുള്ള നൂതന പദ്ധതികളിലൂടെ കോവിഡ് കാലഘട്ടത്തില്‍ തകര്‍ന്ന സമ്പത്ത് വ്യവസ്ഥയെ തിരിച്ചുപിടിക്കാനുള്ള സാധ്യതകള്‍ തേടണം എന്ന് പറഞ്ഞു. ജീവിതനിലവാരം ബഹുദൂരം ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് 25 വര്‍ഷമെടുത്ത് നടപ്പിലാക്കയിതെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍ സ്ത്രീകളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ക്ഷേമ-വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ വൈദഗ്ധ്യത്തോടെ നിര്‍വഹിക്കണം എന്നാണ് ആവശ്യപ്പെട്ടത്.
മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജെ. നെല്‍സണ്‍, കില ഫാക്കല്‍റ്റികളായ ജമാല്‍, പ്രേംലാല്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന, മറ്റു ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.2045/2021)
 

date