Skip to main content

ജില്ലാ പഞ്ചായത്ത്: പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

ജില്ലാ പഞ്ചായത്തിന്റെ സ്പില്‍ഓവര്‍ പ്രൊജക്ടുകളും പദ്ധതി ഭേദഗതികളും ഉള്‍പ്പെടുത്തി 2021-22ലെ പരിഷ്‌ക്കരിച്ച വാര്‍ഷിക പദ്ധതിക്ക് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗീകാരം നല്‍കി. കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള സ്പില്‍ഓവര്‍ പ്രൊജക്ടുകളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതുതായി ആവിഷ്‌ക്കരിച്ച പ്രൊജക്ടുകളും ചേര്‍ത്താണ് പുതുക്കിയ വാര്‍ഷിക പദ്ധതിക്ക് രൂപംനല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അഡ്വ. കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. ടി സരള എന്നിവര്‍ അവതരിപ്പിച്ചു. ഓരോ ഡിവിഷനിലെയും സ്പില്‍ ഓവര്‍ പ്രൊജക്ടുകളെ കുറിച്ച് അംഗങ്ങള്‍ പ്രത്യേക അവലോകനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പി പി ദിവ്യ പറഞ്ഞു.
തെരുവുനായ നിയന്ത്രണത്തിനായുള്ള എബിസി പദ്ധതി അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും. ഇതിനായുള്ള മുഴുവന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട് നായകളെ പിടിക്കാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും പഞ്ചായത്ത് വാര്‍ഡ് അംഗങ്ങള്‍ നല്‍കണമെന്നും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

date