Skip to main content

ന്യായ വിലക്ക് പച്ചക്കറി പാറക്കടവ് ബ്ലോക്കിൻ്റെ ഓണച്ചന്തകൾ 17 മുതൽ

 

 

എറണാകുളം: ഓണസദ്യയൊരുക്കാനുള്ള പച്ചക്കറിയുമായി കൃഷി വകുപ്പിൻ്റെ ഓണച്ചന്തകൾ ഒരുങ്ങിക്കഴിഞ്ഞു. പാറക്കടവ് ബ്ലോക്കിൻ്റെ ഓണച്ചന്തകൾ 17 ന് ആരംഭിക്കും. മിതമായ നിരക്കിൽ ജനങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം. 

 

ബ്ലോക്കിൻ്റെ കീഴിൽ ഏഴ് ഓണച്ചന്തക ളാണ് ആരംഭിക്കുന്നത്. കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും ഓണച്ചന്തയിലുണ്ടാകും. ഹോർട്ടി കോർപ്പിൽ നിന്നും പച്ചക്കറികൾ ചന്തയിലേക്കായി ശേഖരിക്കുന്നുണ്ട്‌. കർഷകരിൽ നിന്നും പച്ചക്കറികൾ പൊതുവിപണിയിലെ വിലയിൽ നിന്നും പത്ത് ശതമാനം കൂടിയ വില നൽകിയാണ് ഏറ്റെടുക്കുന്നത്. ഇത് 30 ശതമാനം വിലക്കുറവിലാണ് ഓണച്ചന്തകളിൽ വിൽക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിനൊപ്പം ന്യായവിലയിൽ ജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം. 

 

പാറക്കടവ് ബ്ലോക്കിൻ്റെ ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്തിൻ്റെ മുൻവശം തയാറാക്കുന്ന പന്തലിൽ ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.പ്രതീഷ് ഉദ്ഘാടനം ചെയ്യും. ഇതു കൂടാതെ ചെങ്ങമനാട്, കുന്നുകര ,പുത്തൻവേലിക്കര , നെടുമ്പാശ്ശേരി, ശ്രീ മൂലനഗരം, പാറക്കടവ് എന്നീ പഞ്ചായത്തുകളുടെ നേതൃത്വത്തിലും ഓണച്ചന്തകൾ നടത്തും. അതാത് പഞ്ചായത്ത് ഓഫീസുകളുടെ പരിസരത്തായിരിക്കും ചന്തകൾ പ്രവർത്തനം നടത്തുക. പാറക്കടവ് പഞ്ചായത്തിൻ്റെ ഓണച്ചന്ത 17 ന് റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്യും. നെടുമ്പാശ്ശേരി, ചെങ്ങമനാട് ,ശ്രീമൂലനഗരം പഞ്ചായത്തുകളുടെ ഓണച്ചന്ത അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. പുത്തൻവേലിക്കര പഞ്ചായത്തിൻ്റെ ഓണച്ചന്ത വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഓണച്ചന്തകൾ 20 ന് സമാപിക്കും.

date