നൂതന അറിവുകള്‍ മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് പ്രയോജനപ്പെടുത്തണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
സര്‍വകലാശാലകളില്‍ നിന്നുള്ള നൂതന അറിവുകള്‍ മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനും ശോഭനമായ ഭാവി സാധ്യമാക്കുന്നതിനും വേണ്ടി വിനിയോഗിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് ഖാന്‍. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ് ) ഏഴാമത് ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതില്‍ കുഫോസിന് നിര്‍ണ്ണായക പങ്കു വഹിക്കാനുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. തൊഴില്‍ വൈദഗ്ധ്യ വികസനത്തോടൊപ്പം സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ മുന്‍കൈയെടുക്കണം.
മത്സ്യമേഖല വലിയ സാമൂഹ്യ സാമ്പത്തിക മാറ്റം ആവശ്യപ്പെടുന്ന ഘട്ടമാണിത്. മത്സ്യ ബന്ധനവും അക്വാ കള്‍ച്ചറും കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ സംഭാവനയാണ് നല്‍കുന്നത്. മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കണം. കുഫോസിലെ ഗവേഷകരുടെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പുമായി സഹകരിച്ച് ചെലവു കുറഞ്ഞ, പരിസ്ഥിതിക്ക് ഇണങ്ങുന്ന മത്സ്യക്കൃഷി രീതികള്‍ വികസിപ്പിക്കണം. തീരദേശ ജനതയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കണം. കോവിഡ് മഹാമാരി മത്സ്യ ബന്ധന മേഖലയെയും മത്സ്യത്തൊഴിലാളികളെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന താത്പര്യങ്ങള്‍, വിപണിയിലെ ഇടിവ്, ഗതാഗത നിയന്ത്രണങ്ങള്‍ എന്നിവ ഈ മേഖലയെ ബാധിച്ചു. പ്രോസസിംഗ് യൂണിറ്റുകള്‍ അടച്ചതിനാല്‍ നിരവധി സ്ത്രീകള്‍ തൊഴില്‍ രഹിതരായി. ഈ ഘട്ടത്തില്‍ സര്‍വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും മത്സ്യമേഖലയിലെ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ തയാറാക്കുണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യത നേടിയ 386 വിദ്യാര്‍ഥികള്‍ക്കാണ് ഗവര്‍ണര്‍ ബിരുദം സമ്മാനിച്ചത്. ഒന്‍പത് പേര്‍ക്ക് പി എച്ച് ഡി യും നല്‍കി. ഏഴാമത് ബിരുദദാന ഓപ്പണ്‍ പ്രഖ്യാപനം നടത്തിയ ഗവര്‍ണര്‍ ബിരുദധാരികള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിരുദധാരികള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും മെഡലുകളും വിതരണം ചെയ്തു. ബിരുദ രജിസ്റ്ററില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുകയും ചെയ്തു.
ബിരുദദാനത്തിനു മുന്‍പായി വിദ്യാര്‍ഥികള്‍ നല്‍കിയ സ്ത്രീധന വിരുദ്ധ പ്രസ്താവന സര്‍വകലാശാല വിസി പ്രൊഫ. ഡോ. റിജി ജോണ്‍ ഗവര്‍ണര്‍ക്ക് കൈമാറി.
സ്ത്രീധനത്തോട് നോ പറയാന്‍ തയാറായ എല്ലാ വിദ്യാര്‍ഥികളെയും അദ്ദേഹം അനുമോദിച്ചു. സ്ത്രീധന വിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിരയിലെത്തിയ നിങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സാര്‍ഥകമാക്കുന്നതിന് ഉദാഹരണമാണെന്നും പറഞ്ഞു.
സമുദ്ര ശാസ്ത്ര പഠനത്തിന്റെ അനന്ത സാധ്യതകള്‍ സംസ്ഥാനത്തിന്റെ ഫിഷറീസ് മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി വിളക്കിച്ചേര്‍ക്കാന്‍ കുഫോസിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഫിഷറീസ് വകുപ്പ് സജി ചെറിയാന്‍ പറഞ്ഞു.
2010 ല്‍ രൂപീകരിക്കപ്പെട്ട കുഫോസിന് ഇപ്പോള്‍ യുജിസിയുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 % സംവരണം നല്‍കുന്നുണ്ട്. മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കാനും മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും കുഫോസ് നല്‍കുന്ന സംഭാവനകള്‍ വിസ്മരിക്കാനാകില്ല.
10 കോടി രൂപ ചെലവില്‍ മത്സൃ രോഗ നിര്‍ണയ ലാബ് ആരംഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ചെല്ലാനം മാതൃകാ ഗ്രാമ പദ്ധതി പുരോഗമിക്കുകയാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ നിര്‍ണ്ണായക ഘടകമായി മത്സ്യസമ്പത്തിനെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി ഉള്‍നാടന്‍ മത്സ്യകൃഷി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. അലങ്കാര മത്സ്യക്കൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. കടലോര ജനതയുടെ പ്രയാസങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുന്ന തലമുറയാണ് ബിരുദം നേടി പുറത്തിറങ്ങുന്നത്. അടുത്ത പഞ്ചവത്സര പദ്ധതിയിലേക്കുള്ള പ്രൊജക്ട് സമര്‍പ്പിക്കാനും മന്ത്രി കുഫോസിന് നിര്‍ദ്ദേശം നല്‍കി.
കുഫോസ് വിസി പ്രൊഫ. ഡോ. കെ. റിജി ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ ഡോ. ബി. മനോജ് കുമാര്‍, സിഎഫ്റ്റ് ഡയറക്ടര്‍ ഡോ. സി.എന്‍. രവിശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments