Skip to main content

വീണ്ടെടുപ്പിൽ പൊക്കാളിപ്പെരുമ: ജില്ലയിൽ 434.35 ഹെക്ടർ സ്ഥലത്ത് കൃഷി

 

എറണാകുളം: പ്രതിസന്ധികൾ മറികടന്ന് ഇക്കുറിയും പൊക്കാളി കൃഷിയിറക്കി കർഷകർ. അന്യം നിന്ന് വരുന്ന പൊക്കാളി നെൽകൃഷിയെ കൈവിടാതെ കാത്തു സൂക്ഷിക്കുകയാണ് ജില്ല. 434.35 ഹെക്ടർ സ്ഥലത്താണ് ഈ വർഷം എറണാകുളം ജില്ലയിൽ പൊക്കാളി കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇത് 433 ഹെക്ടർ ആയിരുന്നു.

 

വളരെ തനതായിട്ടുള്ള ആവാസവ്യവസ്ഥയോട് ചേർന്ന് തികച്ചും ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന നെല്ലിനമാണ് പൊക്കാളി. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒട്ടും തന്നെ മാറ്റമുണ്ടാക്കാതെ ചെയ്യുന്ന ഈ കൃഷിയ്ക്ക് ഭൗമ സൂചിക രജിസ്ട്രേഷൻ വരെ ലഭിച്ചിട്ടുള്ളതാണ്. ജില്ലയിൽ 4055 ഹെക്ടർ പൊക്കാളി നിലങ്ങളുണ്ട്. എന്നാൽ വിളവെടുക്കുന്ന നിലങ്ങൾ വളരെ തുച്ഛമാണ്.

 

ആധുനിക യന്ത്രത്തിൻ്റെ അഭാവം, ഗുണമേന്മയുള്ള ഉത്പാദനക്ഷമത വർധിപ്പിക്കാൻ കഴിയുന്ന വിത്തുകളുടെ അഭാവം, തൊഴിലാളികളുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ പൊക്കാളി കൃഷിക്ക് വെല്ലുവിളികൾ നിരവധിയാണ്. എങ്കിലും കർഷകരുടേയും കൃഷിഭവനുകളുടേയും കൂട്ടായ പരിശ്രമത്തിൽ വർഷം തോറും ഈ നെല്ലിനം കൃഷി ചെയ്തു വരുന്നു. പാടത്ത് ഓരുവെള്ളം കയറുന്നതു മൂലമുണ്ടാകുന്ന ഉപ്പിനെ അതിജീവിക്കുവാനുള്ള പ്രത്യേക കഴിവും ഔഷധ സമൃദ്ധമായ ഈ നെല്ലിനത്തിനുണ്ട്.

 

പൊക്കാളി പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി തൂമ്പ് നിർമ്മാണം, പെട്ടി പറ, ബണ്ട് നിർമ്മാണം, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ പൊക്കാളി നില വികസന ഏജൻസി മുഖേന ചെയ്യുന്നുണ്ട്. പൊക്കാളി നിലങ്ങളിൽ പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്താൻ പൊക്കാളി കൃഷിയും തുടർന്ന് ചെമ്മീൻ / മത്സ്യകൃഷിയും മാറി മാറി ചെയ്യേണ്ടത് അത്യാവശ്യമാണ്.

 

കൃഷിക്ക് ആവശ്യമുള്ള വിത്തുകൾ റൈസ് റിസർച്ച് സ്റ്റേഷൻ, പൊക്കാളി നില വികസന ഏജൻസി, കാർഷിക സഹകരണ സംഘങ്ങൾ, കർഷക പാടശേഖര സമിതികൾ, കർഷകർ എന്നിവരിൽ നിന്നുമാണ് സംഭരിക്കുന്നത്. കൃഷി വകുപ്പിൽ നിന്നും  കർഷകർക്ക് നെൽവിത്ത് സബ്സിഡി, കൂലിച്ചെലവ്, ഉദ്പാദക ബോണസ് എന്നിവ നൽകി വരുന്നു. കൃഷി ചെയ്ത് ലഭിക്കുന്ന നെല്ല് കർഷകർ കൂടുതലായും സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളത് കർഷക സഹകരണ സംഘങ്ങൾക്ക് നൽകും. വിത്ത് ഉത്പാദനത്തിന് വൈറ്റിലയിലുള്ള റൈസ് റിസർച്ച് സ്റ്റേഷനിലും നൽകും.

 

ഓരോ പഞ്ചായത്തിലേയും കർഷക സഹകരണ സംഘങ്ങൾ പൊക്കാളി കൃഷിയ്ക്ക് ആവശ്യമായ സഹായങ്ങൾ കർഷകർക്ക് നൽകുന്നുണ്ട്. തനത് പൊക്കാളി നെൽവിത്ത് ജില്ലയിൽ 15 ഹെക്ടറിലാണ് കൃഷി ചെയ്യുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ വൈറ്റില എട്ട്, വൈറ്റില ആറ, ചെട്ടിവിരിപ്പ്, ജൈവ തുടങ്ങിയ വിത്തിനങ്ങളാണ് വിതച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ തനത് പൊക്കാളി വിത്തുകൾ കർഷകരിലേക്ക് എത്തിക്കുന്നതിനായി കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പത്ത് ഏക്കർ പാടത്ത് പൊക്കാളി വിത്ത് നഴ്സറിക്ക് തുടക്കമിട്ടിട്ടുണ്ട്.

 

ഏറ്റവും കൂടുതൽ കൃഷി ഏഴിക്കര പഞ്ചായത്തിലാണ്. 120 ഹെക്ടർ. പറവൂർ, ആലുവ, കളമശേരി, വൈറ്റില, ഞാറയ്ക്കൽ, മുളന്തുരുത്തി തുടങ്ങി ആറ് ബ്ലോക്കുകളിൽ ഇന്ന് പൊക്കാളി കൃഷിയുണ്ട്. കോട്ടുവള്ളി (40 ഹെക്ടർ), ചിറ്റാറ്റുകര (2 ഹെക്ടർ), കരുമാലൂർ (5 ഹെക്ടർ), വരാപ്പുഴ (80 ഹെക്ടർ), ചേരാനല്ലൂർ (2.35 ഹെക്ടർ), എളങ്കുന്നപ്പുഴ (11 ഹെക്ടർ), കടമക്കുടി (80 ഹെക്ടർ), മുളവുകാട് (1 ഹെക്ടർ), ചെല്ലാനം (2 ഹെക്ടർ), കുമ്പളങ്ങി (4 ഹെക്ടർ), കുമ്പളം (10 ഹെക്ടർ), പള്ളിപ്പുറം (5 ഹെക്ടർ), കുഴുപ്പിള്ളി (25 ഹെക്ടർ), എടവനക്കാട് (16 ഹെക്ടർ), നായരമ്പലം (16 ഹെക്ടർ), ഞാറയ്ക്കൽ (7 ഹെക്ടർ), ഉദയംപേരൂർ (8 ഹെക്ടർ) എന്നിവിടങ്ങളിലാണ് നിലവിൽ കൃഷി ചെയ്യുന്നത്.

 

date