Skip to main content

വട്ടവടയിലെ പച്ചക്കറികളുമായി അങ്കമാലിയുടെ ഓണച്ചന്തകൾ

 

 

എറണാകുളം: അങ്കമാലിക്കാരുടെ ഓണസദ്യ നിറക്കാൻ വട്ടവടയിൽ നിന്നുള്ള പച്ചക്കറിയും. 

കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓണച്ചന്തകളിലാണ് വട്ടവടയിൽ നിന്നുള്ള കാർഷിക ഉല്പന്നങ്ങൾ വിപണനത്തിനെത്തുന്നത്. കൃഷി വകുപ്പിൻ്റെ അങ്കമാലി എ.ഡി.എ ഓഫീസിനു കീഴിലുള്ള 10 പഞ്ചായത്തു ഓഫീസുകളുടെ നേതൃത്വത്തിലും ഓണച്ചന്തകൾ 17 ന് ആരംഭിക്കും. 

 

പ്രദേശത്തെ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളും ഓണച്ചന്തയിലുണ്ടാകും. ഹോർട്ടി കോർപ്പിൽ നിന്നും പച്ചക്കറികൾ ചന്തയിലേക്കായി ശേഖരിക്കുന്നുണ്ട്‌. കർഷകരിൽ നിന്നും പച്ചക്കറികൾ പൊതുവിപണിയിലെ വിലയിൽ നിന്നും പത്ത് ശതമാനം കൂടിയ വില നൽകിയാണ് ഏറ്റെടുക്കുന്നത്. ഇത് 30 ശതമാനം വിലക്കുറവിലാണ് ഓണച്ചന്തകളിൽ വിൽക്കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റത്തെ നിയന്ത്രിക്കുന്നതിനൊപ്പം ന്യായവിലയിൽ ജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യം. 

 

ഇതോടൊപ്പം വട്ടവടയിൽ നിന്നും കൊണ്ടുവരുന്ന പച്ചക്കറികളും വിപണനത്തിനുണ്ട്. വട്ടവട കൃഷി വകുപ്പുമായി ചേർന്നാണ് പച്ചക്കറി എത്തിക്കുന്നത്.  കഴിഞ്ഞ വർഷവും വട്ടവടയിലെ ഉല്പന്നങ്ങൾ ഓണ വിപണിയിലുണ്ടായിരുന്നു. കാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് തുടങ്ങിയ ഇനങ്ങളാണ് വട്ടവടയിൽ നിന്നും എത്തിക്കുന്നത്. 

 

അങ്കമാലി യിലെ ഓണച്ചന്തകൾ മിനി സിവിൽ സ്‌റ്റേഷനിലും പഴയ മുനിസിപ്പാലിറ്റി ഗ്രൗണ്ടിലുമാണ് പ്രവർത്തിക്കുക. ഇതുകൂടാതെ കാഞ്ഞൂർ, കാലടി, മലയാറ്റൂർ - നീലേശ്വരം, മഞ്ഞപ്ര , തുറവൂർ, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിലെ കൃഷിഭവനുകളുടെ നേതൃത്വത്തിലും ഓണച്ചന്തകൾ ആരംഭിക്കും. 17 മുതൽ 20 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക.

 

date