Skip to main content

പാഷൻ ഫ്രൂട്ടാണ് താരം 

 

 

മൂല്യവർധിത ഉത്പന്നങ്ങളുമായി ഒരു കൂട്ടം കർഷകർ

 

എറണാകുളം: പാഷൻ ഫ്രൂട്ട് സ്ക്വാഷ്, പാഷൻ ഫ്രൂട്ട് മാൻഡലിൻ, പാഷൻ ഫ്രൂട്ട് ടെക്സ്ചേർഡ്... നാട്ടിൽ സുലഭമായി ലഭിക്കുന്ന പാഷൻ ഫ്രൂട്ടിനെ താരമാക്കി മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുകയാണ് ഒരു കൂട്ടം കർഷകർ. കൂനമ്മാവ് പഴക്കൂട്ട് ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പിലെ കർഷകരാണ് നാടൻ പഴങ്ങളിൽ നിന്നുമുള്ള വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് തുടക്കമിട്ടിരിക്കുന്നത്.

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ എന്നിവരുടെ സഹകരണത്തോടെയാണ് ഉത്പന്നങ്ങളുടെ നിർമ്മാണം. സുഭിക്ഷം സുരക്ഷിതം  പദ്ധതിയുടെ കീഴിലാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. ഉത്പന്നങ്ങൾ  നാട്ടിലെ  വിപണികളിൽ തന്നെ വിറ്റഴിക്കും.

 

പാഷൻ ഫ്രൂട്ടിൽ നിന്നും സ്ക്വാഷ്, പാഷൻ ഫ്രൂട്ട് ടെക്സ്ചേർഡ്, നാരങ്ങാനീരിനോടൊപ്പം ചേർത്തുണ്ടാക്കുന്ന പാഷൻഫ്രൂട്ട് മേയർ ലെമോൺഡ, മാൻ്റരിൻ ഓറഞ്ചുമായി ചേർത്തുണ്ടാക്കുന്ന പാഷൻ ഫ്രൂട്ട് മാൻ്റരിൻ തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് യൂണിറ്റ് നിർമ്മിക്കുന്നത്. 

 

മണവും നിറവും കൂട്ടാൻ രാസവസ്തുക്കൾ ആവശ്യമില്ലെന്നതാണ് പാഷൻ ഫ്രൂട്ടിൻ്റെ ഗുണം. ഇവയിൽ നിന്നും വേർതിരിച്ചെടുക്കുന്ന പാസിഫ്ലോറിൻ എന്ന ഘടകം മാനസിക സമ്മർദ്ദം അകറ്റാനുള്ള ഒറ്റമൂലിയാണ്. അതിനാൽ തന്നെ മൂല്യവർധിത ഉത്പന്നങ്ങൾ കൂടാതെ പല മരുന്നുകളിലേയും അഭിവാജ്യഘടകമാണ് പാഷൻ ഫ്രൂട്ട്.

 

കർഷകർ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പാഷൻ ഫ്രൂട്ടുകൾ ശേഖരിക്കുന്നത്. ആവശ്യപ്പെടുന്നവർക്ക് പണം നൽകും. പാഷൻ ഫ്രൂട്ട് കൂടാതെ ചാമ്പയ്ക്ക, പേരയ്ക്ക, സപ്പോട്ട, ചക്ക, മാങ്ങ തുടങ്ങി എല്ലാ നാടൻ പഴങ്ങളും ശേഖരിച്ച് അവയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കും. 

date