Skip to main content

ജന്‍ഔഷധി ഗുണഭോക്താക്കള്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം സംവദിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ജില്ലയിലെ  പ്രധാനമന്ത്രി ജന്‍ ഔഷധി യോജന (പി.എം.ജെ.എ.വൈ)  ഗുണഭോക്താക്കള്‍. രാജ്യത്തെമ്പാടുമുള്ള പി.എം.ജെ.എ.വൈ ഗുണഭോക്താക്കളുമായുള്ള സംവാദത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഗുണഭോക്താക്കളോടും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാനമന്ത്രി സംവദിച്ചത്. ജില്ലയില്‍ നിന്നും 50 ഗുണഭോക്താക്കളെയാണ്  സംവാദത്തിനായി തെരഞ്ഞെടുത്തിരുന്നത്. സിവില്‍ സ്റ്റേഷനിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിലാണ് ഇവര്‍ക്ക് കോണ്‍ഫറന്‍സിനായി അവസരമൊരുക്കിയിരുന്നത്.
താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ ലഭിക്കുക എന്നതാണ് രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ഇത് പരിഹരിക്കാനാണ് ജന്‍ ഔഷധി സ്റ്റോറുകള്‍ തുടങ്ങിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരുന്ന് മാഫിയക്ക് തടയിടുക എന്നതും സര്‍ക്കാര്‍ നയമാണ്. മരുന്ന് മാഫിയയെ ഇല്ലാതാക്കാന്‍ പുതുതായി രാജ്യത്ത് ആയിരക്കണക്കിന് ജന്‍ ഔഷധി സ്റ്റോറുകള്‍ തുറന്നിട്ടുണ്ട്. 2025 ഓടെ ക്ഷയരോഗം രാജ്യത്ത് നിന്ന് തുടച്ചു നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജൂണ്‍ 21 ന് ലോക അന്താരാഷ്ട്ര യോഗ ദിനം മുന്‍ നിര്‍ത്തി യോഗ പരിശീലിക്കാനും പ്രാവര്‍ത്തികമാക്കാനും യോഗ ജീവിതത്തിന്റെ ഭാഗമാക്കാനും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാന മന്ത്രി അഭ്യര്‍ത്ഥിച്ചു.
2008 ല്‍ തുടങ്ങിയ ജന്‍ ഔഷധി പദ്ധതി വഴി 600 ഓളം മരുന്നുകളും 150 ഓളം ചികിത്സാ ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ട്. 70 ശതമാനം വരെ വിലക്കുറവിലാണ് ഇവ ലഭ്യമാക്കുന്നത്.  ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെന്റ്, മുട്ടു കാല്‍ ശസ്ത്രക്രിയക്കുള്ള ഇംപ്ലാന്റുകള്‍ തുടങ്ങിയവയെല്ലാം കുറഞ്ഞ വിലക്ക് സ്റ്റോറുകളില്‍ ലഭിക്കും. ജില്ലയില്‍ 14 ജന്‍ ഔഷധി സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്.
രാവിലെ 9.30 ന് തുടങ്ങിയ കോണ്‍ഫറന്‍സ് 10.45 വരെ നീണ്ടു. എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. ഷിബുലാല്‍, പി.ആര്‍.ഒ സംഗീത, തുടങ്ങിയ ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫ്രന്‍സിനെത്തിയിരുന്നു.

 

date