Skip to main content

വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതിക സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍  പ്രയോജനപ്പെടുത്തണം: വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി

*കെഎസ്ഇബി മൊബൈല്‍ ആപ്പും ഇ-പേയ്‌മെന്റ് സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു

    മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താന്‍ വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വൈദ്യുതിബില്‍ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യഥാസമയം നേരിട്ടടയ്ക്കുന്നതിനുള്ള ഇ-പെയ്‌മെന്റ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും മറ്റും വരും നാളുകളില്‍ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ബോര്‍ഡ് ആവിഷ്‌കരിക്കേണ്ടിവരും. വലിയ മുതല്‍മുടക്ക് ആവശ്യമായിവരുമെങ്കിലും ബോര്‍ഡിനു നഷ്ടമുണ്ടാകാതിരിക്കാനും ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

    വൈദ്യുതി ബില്‍ തുക ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് വരവു വയ്ക്കാന്‍ സാധിക്കുന്ന അനായാസമായ ഇ-പേയ്‌മെന്റ് പദ്ധതി നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍എസിഎച്ച്) സംവിധാനം വഴിയാണ് നടപ്പാക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഒരുക്കുന്ന ഈ സംവിധാനത്തിന്റെ സ്‌പോണ്‍സര്‍ ബാങ്കായി കോര്‍പറേഷന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനം നടപ്പാക്കുന്നതിനു മുന്നോടിയായി ഉപഭോക്താക്കള്‍ ബില്‍തുക അക്കൗണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. ഇത് താമസിയാതെ സെക്ഷന്‍ ഓഫീസുകളില്‍ എത്തും. പദ്ധതി വരുന്നതോടെ നിരവധി പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബില്ലടയ്‌ക്കേണ്ട അവസാന തിയതിയും മറ്റും ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല. കണക്ഷന്‍ വിച്ഛേദിക്കല്‍ മൂലമുള്ള അസൗകര്യങ്ങള്‍, കണക്ഷന്‍ പുന:സ്ഥാപനത്തിനുള്ള ഫീസ് മുതലായവ ഒഴിവാക്കാന്‍ കഴിയും. പ്രവാസികള്‍, വയോധികര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവരുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

    വൈദ്യുതി ബില്‍ തുക അടയ്ക്കുന്നതിനു കെഎസ്ഇബി എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും മന്ത്രി ചടങ്ങില്‍ സമര്‍പ്പിച്ചു. മൊബൈല്‍ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ വഴി എവിടെ നിന്നും ഏതു സമയത്തും ഈ ആപ്പ് വഴി വൈദ്യുതി ബില്‍ തുക അടയ്ക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

    മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കെഎസ്ഇബി ഡയറക്ടര്‍ (ഫിനാന്‍സ്) എന്‍.എസ്. പിള്ള, കോര്‍പ്പറേഷന്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപാല്‍ മുരളി ഭഗത്, ഡയറക്ടര്‍മാരായ ഡോ. വി. ശിവദാസന്‍, പി. കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി.എന്‍.എക്‌സ്.4871/17

 

date