Skip to main content

കൊവിഡ് 'ഓര്‍..ത്തോണം'; ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിന്‍ ആരംഭിച്ചു

ഓണാഘോഷത്തോടൊപ്പം കൊവിഡ് ജാഗ്രതയും തുടരണമെന്ന സന്ദേശവുമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ക്യാമ്പയിന് തുടക്കമായി. കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. നാരായണ നായ്ക് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി സുരക്ഷിതമായി ഓണം ആഘോഷിക്കണമെന്ന ആശയമാണ് ആരോഗ്യ വകുപ്പ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്നത്. ആഘോഷത്തിനിടയിലും ജാഗ്രത കൈവിടരുതെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ച് 'കൊവിഡ് ഓര്‍..ത്തോണം' എന്ന ടാഗ് ലൈനോടെയാണ് പ്രചാരണം. കൊവിഡ് പ്രതിരോധ സന്ദേശങ്ങളടങ്ങിയ ഡിജിറ്റല്‍ പോസ്റ്ററുകള്‍, ആനിമേഷന്‍ വീഡിയോകള്‍, കൊവിഡ് പ്രതിരോധ കുത്തിവെപ്പിന് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ലഘു വീഡിയോകള്‍ എന്നിങ്ങനെ 20 വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ജില്ലയിലെ 13 ഹെല്‍ത്ത് ബ്ലോക്കുകളിലാണ് പ്രദര്‍ശനം. അഴീക്കോട് ഹെല്‍ത്ത് ബ്ലോക്കിലാണ് ആദ്യ പ്രദര്‍ശനം. ക്യാമ്പയിന്‍ ആഗസ്ത് 26 ന് അവസാനിക്കും.  

ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ റിഷി ഗോപാലകൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി, ഡിഎന്‍ഒ ഇന്‍ ചാര്‍ജ്ജ് എം അജിത, എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ബിന്‍സി രവീന്ദ്രന്‍, ജില്ലാ കൊവിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ നോഡല്‍ ഓഫീസര്‍ ഡോ. ഒ ടി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

date