Skip to main content

കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി വിപണിക്ക് തുടക്കം

കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി വിപണന ചന്തക്ക് തുടക്കമായി. ഓണ സമൃദ്ധി 2021 പച്ചക്കറി ചന്തയുടെ ജില്ലാ തല ഉദ്ഘാടനവും, കൃഷി വകുപ്പിന്റെ അര്‍ബന്‍ സ്ട്രീറ്റ് മാര്‍ക്കറ്റിന്റെ മൊബൈല്‍ യൂണിറ്റ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. ചന്തയില്‍ പച്ചക്കറികള്‍ക്ക് പുറമെ, പഴവര്‍ഗ്ഗങ്ങളും, കര്‍ഷകരും കര്‍ഷക സംഘങ്ങളും നിര്‍മ്മിക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളായ എള്ളെണ്ണ, ആറളം ബ്രാന്‍ഡ് അരി, മറയൂര്‍ ശര്‍ക്കര, തേന്‍ തുടങ്ങിയവയും വില്‍പ്പനയ്ക്കുണ്ട്. കലക്ടറേറ്റ് വളപ്പിലെ സംഘമൈത്രി വിപണന ശാലയില്‍ രണ്ടു കൗണ്ടറുകളാണ് വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍, വട്ടവട കാന്തല്ലൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറികള്‍, സംസ്ഥാനത്തിന് പുറത്തു നിന്ന് ഹോര്‍ട്ടി കോര്‍പ്പ് വഴി സംഭരിക്കുന്ന പച്ചക്കറികള്‍ എന്നിവയെല്ലാം ചന്തയില്‍ ലഭിക്കും. ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൊതുവിപണിയിലെ സംഭരണ വിലയെക്കാള്‍ 10 ശതമാനം അധിക വില നല്‍കിയാണ് സംഭരിക്കുന്നത്. പച്ചക്കറികള്‍ പൊതുവിപണിയിലെ വിലയെക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്.  
ഓണം പച്ചക്കറി വിപണനത്തോടനുബന്ധിച്ചു 143 ചന്തകളാണ് ജില്ലയില്‍ കൃഷി വകുപ്പ് ഒരുക്കിയിരിക്കുന്നത്. ചന്തകളില്‍ 30 എണ്ണം ഹോര്‍ട്ടി കോര്‍പ്പും, ആറെണ്ണം വി എഫ് പി സി കെയും, 107 എണ്ണം കൃഷിഭവനുകളുടെയും നേതൃത്വത്തിലാണ്. വിവിധ ഫാമുകള്‍, കൃഷി വകുപ്പിന്റെ ലാബുകള്‍, എഞ്ചിനീയറിംഗ് വിഭാഗം, ജില്ലാ ഓഫീസ് സ്റ്റാഫ് എന്നിവയുടെ നേതൃത്വത്തിലാണ് ചന്ത നടത്തുന്നത്. ആഗസ്ത് 20ന് ചന്ത സമാപിക്കും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് ബാബു എളയാവൂര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date