Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 17-08-2021

ജില്ലാ വികസന സമിതി യോഗം 31 ന്

ഈ മാസത്തെ വികസന സമിതി യോഗം ആഗസ്ത് 31 ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ചേരും.

അവലോകന യോഗം ആഗസ്ത് 24ന്

ജില്ലയിലെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ആഗസ്ത് 24ന് രാവിലെ 10 മണിക്ക് ചേരും.

നേഴ്‌സിംഗ് പരിശീലനം അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന് കീഴിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന് കാസര്‍കോട് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്. പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വയസും പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കും അഞ്ച് വയസും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. മലയാളം എഴുതാനും വായിക്കാനും അറിയണം. ആശാവര്‍ക്കേഴ്‌സിന് രണ്ട് സീറ്റുകളും പാരാമിലിറ്ററി/ എക്‌സ്പാരാമിലിറ്ററി സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോറം www.dhskerala.gov.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്. നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം സെപ്തംബര്‍ 14 ന് വൈകിട്ട് അഞ്ച് മണിക്കകം പരിശീലന കേന്ദ്രത്തിലെ പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. ഫോണ്‍: 04994 227613.

ഓണസമൃദ്ധി  കര്‍ഷക ചന്ത തുടങ്ങി

പയ്യന്നൂര്‍ നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണ സമൃദ്ധി കര്‍ഷക ചന്ത നഗരസഭാധ്യക്ഷ കെ വി ലളിത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലയെ തഴഞ്ഞു നിര്‍ത്തുകയാണ് ചന്തയുടെ ലക്ഷ്യം. പെരുമ്പ കോറോം റോഡ്, കോറോം രക്തസാക്ഷി വായനശാല പരിസരം എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് ചന്ത ഒരുക്കിയത്. കൃഷിഭവനു കീഴിലുള്ള കര്‍ഷകരില്‍ നിന്നും ശേഖരിച്ച എല്ലാ കാര്‍ഷിക വിഭവങ്ങളും ചന്തയിലുണ്ട്. ആഗസ്ത്  20 ന് കര്‍ഷക ചന്ത സമാപിക്കും.
നഗരസഭ ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ ഗൗരി, ഇക്ബാല്‍ പോപ്പുലര്‍, വിജയകുമാരി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടിപിഎം നൂറുദ്ദീന്‍, അസി. കൃഷി ഓഫീസര്‍ ഗീത, കൃഷി അസിസ്റ്റന്റ് പി കെ സജിത്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഭരണാനുമതിയായി

കെ മുരളീധരന്‍ എം പിയുടെ 2019-2020 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഏഴു ലക്ഷം രൂപ വിനിയോഗിച്ച് ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് നാമത്തുകണ്ടി-കുന്നുംതല റോഡ് പ്രവൃത്തിക്കും അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് കതിരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പുള്ളിയോട് നല്ലച്ചേരി മുക്ക് കുനിയില്‍ താഴെ റോഡ് പ്രവൃത്തിക്കും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

സൗജന്യ സിവില്‍ സര്‍വ്വീസ്, റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വ്വീസ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും.

ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് അപേക്ഷിക്കാം. പരിശീലനം തിരുവനന്തപുരം പ്ലാമൂട് സിവില്‍ സര്‍വ്വീസ് അക്കാദമിയിലാണ് നടക്കുക. അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക.

സൗജന്യ റെസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഒരു വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുക. അപേക്ഷകര്‍ എച്ച് എസ് എസ്, വി എച്ച് എസ് എസ് തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയിരിക്കണം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആഗസ്ത് 24 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ നേരിട്ടോ ddfisherieskannur@gmail.com ലോ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. ഫോണ്‍: 0497 2731081.

മരുന്ന് വ്യാപാരികളുടെ ശ്രദ്ധയ്ക്ക്

കണ്ണൂര്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസിന് കീഴിലെ മുഴുവന്‍ മൊത്ത ചില്ലറ ഔഷധ വ്യാപാരികളും സ്ഥാപനത്തിന്റെ ഉടമയുടെ ഇ മെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, സ്ഥാപനത്തിന്റെ മേല്‍വിലാസം എന്നിവ adcknrnsq@gmail.com ല്‍ ആഗ്‌സ്ത് 31ന് മുമ്പ് സമര്‍പ്പിക്കണമെന്ന് കണ്ണൂര്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.

date