Skip to main content

മതനിരപേക്ഷ, ഫെഡറല്‍ മൂല്യങ്ങള്‍ ശക്തിപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

 

രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കാന്‍ മതനിരപേക്ഷതയും ഫെഡറലിസവും ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊലീസ് മൈതാനിയില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡിനെ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരെ ഗൗരവതരമായ വെല്ലുവിളികളാണ് ഉയരുന്നതെന്നും സമത്വസുന്ദരവും ജനാധിപത്യ ഉള്ളടക്കവുമുള്ള നാടായി ഭാരതത്തെ രൂപപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പല കൈവഴികളിലൂടെ നടന്ന പോരാട്ടങ്ങളുടെ ഭാഗമാണ് നമുക്ക് ലഭിച്ച ദേശീയ സ്വാതന്ത്ര്യം. ഒന്നും കാംക്ഷിക്കാതെ നാടിന്റെ മോചനത്തിനായി പൊരുതിയ, സ്വജീവന്‍ നല്‍കിയ ലക്ഷക്കണക്കിന് നിസ്വാര്‍ത്ഥ മനുഷ്യരുടെ ചോരയും നീരുമാണ് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ അടിത്തറ. ബ്രിട്ടീഷ്‌കാര്‍ ഇന്ത്യ വിടുന്നതോടെ സമത്വസുന്ദരമായ നാടായി മാറാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു ഓരോ പൗരന്റേയും വിശ്വാസം. എന്നാല്‍ പാവപ്പെട്ടവരെ സംബന്ധിച്ചെടുത്തോളം അത്തരമൊരു നിലപൂര്‍ണ്ണമായി എന്ന് പറയാന്‍ കഴിയില്ല. ഭൂപ്രഭുത്വത്തെ അവസാനിപ്പിക്കാനോ ഭൂ ബന്ധങ്ങളില്‍ മൗലികമായ മാറ്റം വരുത്താനോ നമുക്ക് കഴിഞ്ഞില്ല. ഈ മേഖലയില്‍ നാം ഇനിയും മുന്നേറേണ്ടതുണ്ട്. സമത്വത്തിലേക്ക് നീങ്ങുന്നതിനുള്ള നിരന്തരമായ ശ്രമം നാം തുടരണം. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മഹത്തായ സമര പാരമ്പര്യങ്ങളുള്ള നാടാണ് നമ്മുടേത്. നനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ സവിശേഷത. ഇത് സംരക്ഷിക്കാന്‍ നമുക്ക് കഴിയണം. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ ഉള്ളടക്കം നിലനിര്‍ത്തണം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുള്‍പ്പെട്ട പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ നിരവധിയായ കാര്യങ്ങളും കടമകളും കര്‍ത്തവ്യങ്ങളും ഏറ്റെടുത്ത് വേണം ഇന്ത്യന്‍ ജനത മുന്നോട്ട് പോവാന്‍. ഇതാവണം ഈ സ്വാതന്ത്ര്യ ദിനത്തിലെ നമ്മുടെ പ്രതിജ്ഞ. മന്ത്രി പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്്നടന്ന പരിപാടിയില്‍ ജില്ലാ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കെ എ പി നാലാം ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പ് എന്നീ പ്ലാറ്റൂണുകള്‍ പരേഡിനായി അണിനിരന്നു. ധര്‍മ്മടം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് പരേഡിന് നേതൃത്വം നല്‍കി. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഡീഷണല്‍ ഡി സി പി പ്രതീഷ് തോട്ടത്തില്‍,  അസിസ്റ്റന്റ്് കമ്മീഷണര്‍ ക്രൈംബ്രാഞ്ച് ടി പി പ്രേമരാജന്‍ എന്നിവരെ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൊവിഡ് വാരിയര്‍ ബാഡ്ജ് നല്‍കി ആദരിച്ചു. എം എല്‍ എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ ഷബീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പൊലീസ് മേധാവി (സിറ്റി) ആര്‍ ഇളങ്കോ, ജില്ലാ പൊലീസ് മേധാവി (റൂറല്‍) ഡോ. നവനീത് ശര്‍മ്മ, ഡിഡിസി സ്‌നേഹില്‍കുമാര്‍ സിംഗ്, അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, എഡിഎം കെ കെ ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date