സമഗ്രچയില്‍ ആവേശം വാരിവിതറി ചക്ക മത്സരങ്ങള്‍
തേക്കിന്‍കാട് മൈതാനത്തെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ മന്ത്രിസഭ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന 'സമഗ്ര' മേളയില്‍ ബുധനാഴ്ച സര്‍വ്വവും ചക്കമയം. ചക്കതീറ്റ മത്സരം, ചക്കപ്പായസ മത്സരം, ചക്ക ക്രാഫ്റ്റ് മത്സരം എന്നിവയാണ് കൃഷിവകുപ്പ് സംഘടിപ്പിച്ചത്. ചക്കയുമായി ബന്ധപ്പെട്ട് നടന്ന ഇത്തരം മത്സരങ്ങള്‍ വീക്ഷിക്കാന്‍ സന്ദര്‍ശകര്‍ മണിക്കൂറുകളോളം തടിച്ചുകൂടി. കാണികളില്‍ ആവേശം വിതറിയാണ് ചക്ക തീറ്റ മത്സരം നടന്നത്. 10 പേര്‍ ആണ് മത്സരത്തില്‍ പങ്കെടുത്തത്. പുരുഷ വിഭാഗത്തിലായിരുന്നു മത്സരം. ചക്കക്കുരു കൊണ്ടുള്ള പായസ മത്സരത്തില്‍ മൂന്നു മത്സരാര്‍ത്ഥികളും ചക്ക കാര്‍വിങ് മത്സരത്തില്‍ രണ്ടുപേരും പങ്കെടുത്തു. മത്സരശേഷം കാണികളും വയറു നിറയെ ചക്കയും ചക്കപ്പായസവും കഴിച്ചതും കൗതുകകരമായ കാഴ്ചയായി.
ചക്ക തീറ്റമത്സരത്തില്‍ യഥാക്രമം രവീന്ദ്രന്‍, ടി.എന്‍. നിജില്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ശശിധരന്‍, വിപുല്‍ വിജയന്‍ എന്നിവര്‍ ഒരുമിച്ച് മൂന്നാംസ്ഥാനം പങ്കിട്ടു. ചക്ക പായസ മത്സരത്തില്‍ അഞ്ജന ഗിരീശന്‍ ഒന്നാം സ്ഥാനവും ബബിത ടെസ്സി രണ്ടാം സ്ഥാനവും നേടി. കാര്‍വിങ് മത്സരത്തില്‍ വി.സി വിനോദ്, ടെസ്സി ഫ്രാന്‍സിസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നാളെ രാവിലെ 10ന് നടക്കുന്ന കാര്‍ഷിക സെമിനാറില്‍ വിതരണം ചെയ്യും.
തൃശൂര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സബിത ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എല്‍. ജയശ്രീ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഉഷ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.സുശീല, ചൊവ്വന്നൂര്‍ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ റീന ജോണ്‍, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. റാണി കെ. ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments