Skip to main content

നഷ്ടമായത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കാരണവരെ : മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍

പരമേട്ടന്റെ ദേഹവിയോഗത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ കാരണവരെയാണ് നഷ്ടമായതെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അനുശോചിച്ചു. ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും തൊഴിലാളി സംഘടനകളെയും കെട്ടിപ്പടുക്കുന്നതില്‍ പരമേട്ടന്‍ വഹിച്ച പങ്ക് എക്കാലത്തും ഓര്‍മ്മിക്കപ്പെടും. തൊണ്ണൂറ്റി രണ്ടാം വയസ്സിലും അദ്ദേഹത്തിന്റെയുളളില്‍ വിപ്ലവവീര്യം ജ്വലിച്ചു നിന്നിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശയ്യാവലംബിയാകുന്നതുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച എല്ലാ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ വേദികളിലും പരമേട്ടന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അദ്ദേഹം എട്ടാം കേരള നിയമസഭയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. അക്കാലത്ത്, ഒരു മികച്ച നിയമസഭാ സമാജികനായി തിളങ്ങിയ അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനുമായിരുന്നു.
    വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ ഭാരവാഹിയായിരുന്ന കാലത്ത് പരമേട്ടന്റെ സ്‌നേഹവാത്സല്യങ്ങള്‍ ആവോളം അനുഭവിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ലാളിത്യവും സുതാര്യതയും കൈമുതലാക്കി ജീവിതം പൂര്‍ണ്ണമായും നാടിനും പ്രിയപ്പെട്ട പ്രസ്ഥാനത്തിനും വേണ്ടി ഉഴിഞ്ഞുവെച്ച പരമേട്ടനെപ്പോലയുളളവര്‍ പുതുതലമുറ രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ ദീപ്തസ്മരണയ്ക്കു  മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം ദു:ഖാര്‍ത്താരായ കുടുംബാംഗങ്ങള്‍ക്കും സഖാക്കള്‍ക്കുമൊപ്പം അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കൃഷി വകുപ്പു മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 
 

date