Skip to main content

പെരളശേരി ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പദ്ധതി രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

ഖര - ജൈവ - രാസ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് പെരളശ്ശേരി ഗ്രാമ പഞ്ചായത്തും ഹരിത കേരളം മിഷനും ചേര്‍ന്നു തയ്യാറാക്കിയ സമഗ്ര പദ്ധതി രേഖ മുഖ്യമന്ത്രി പിണറായി വിജയന് പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, വൈസ് പ്രസിഡന്റ് വി പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിലാണ് പദ്ധതി രേഖ മുഖ്യമന്ത്രിക്ക് കൈമാറിയത്. പത്ത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് സമഗ്ര പദ്ധതി.
   വരുന്ന മൂന്ന് കൊല്ലത്തിനിടെ 82 നൂതനമായ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി പെരളശ്ശേരിയെ മാറ്റുകയാണ് ലക്ഷ്യം. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കാനാകുന്ന വിവിധ സര്‍ക്കാര്‍ - സ്വകാര്യ ഏജന്‍സികളെയും, രാഷ്ട്രീയ-സന്നദ്ധ സംഘടനകളെയും പൊതു ജനങ്ങളെയും അണി നിരത്തി സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
ജൈവ - അജൈവ - ദ്രവ മാലിന്യം, അന്തരീക്ഷ മലിനീകരണം, ബയോ മെഡിക്കല്‍ മാലിന്യം, കണ്‍സ്ട്രക്ഷന്‍ മാലിന്യം, വിസര്‍ജ്യ മാലിന്യം തുടങ്ങിയവയുടെ ശാസ്ത്രീയമായ സംസ്‌കരണത്തിന് പുറമെ ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള വിവിധ കാമ്പയിനുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, മണ്ഡലം പ്രതിനിധി പി ബാലന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, വി പ്രശാന്ത്, കെ കെ സുഗതന്‍, വി കെ അഭിജാത്, കെ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു

date