Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതി: നിര്‍വഹണ തടസ്സം മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും - ദിശ

കുട്ടികള്‍ക്ക് ഉച്ചയൂണ് നല്‍കുന്ന പദ്ധതിക്ക്  ഗുണനിലവാരമുളള അരി ലഭ്യമാക്കുന്നതിനും അമൃത് പദ്ധതിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കൊല്ലം ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് ആന്റ് കോര്‍ഡിനേറ്റിംഗ് കമ്മിറ്റി (ദിശ) യില്‍ തീരുമാനം.    പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ബാങ്ക് വായ്പ യെടുത്ത് വീട് വയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് പലിശ സബ്‌സിഡി നല്‍കുന്നതിനുള്ള പട്ടിക ബാങ്ക് അധികൃതര്‍ ഉടന്‍ ലഭ്യമാക്കണമെന്നും ദിശയില്‍ നിര്‍ദ്ദേശമുണ്ടായി. 
തൊഴിലുറപ്പ് പദ്ധതിയില്‍   ആസ്തിവികസനത്തിന് പ്രാമുഖ്യം കൊടുക്കണമെന്ന കേന്ദ്ര നിബന്ധന നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ നല്‍കുന്നവര്‍ക്ക് സമയത്തിന് കേന്ദ്ര ഫണ്ട് അനുവദിക്കാത്തതാണ് പ്രധാന കാരണം. തൊഴിലാളികളുടെ വേതനവും കുടിശ്ശികയാണ്. സാധനങ്ങള്‍ വിതരണം ചെയ്തിട്ടുളള കരാറുകാര്‍ക്കും തൊഴിലാളികളുടെ വേതന കുടിശ്ശികയും അനുവദിക്കുന്നതിനുളള കാലതാമസം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

ദേശീയ ഗ്രാമീണ കുടിവെളള പദ്ധതിക്ക് കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാല്‍ നിലവിലുളള പദ്ധതികള്‍ പുര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു.
കൊല്ലം ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവും കൊല്ലം കോട്ടവാസല്‍ ദേശീയപാതയുടെ  വികസനവും അടിയന്തരമായി പൂര്‍ത്തിയാക്കണം.  

സ്വച്ച് ഭാരത മിഷന്‍  പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ക്കാനും ധാരണയായി. 
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഉദ്ഘാടകനായ  എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.

ജില്ലാ കളക്ടര്‍ ഡോ. എസ്.കാര്‍ത്തികേയന്‍, ചിറ്റുമല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി പിളള.കെ,  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മായാ സുരേഷ്,  ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍, ശാസ്താഠകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുമ, ദിശ കണ്‍വീനര്‍ എ. ലാസര്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. വനജകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ.നമ്പര്‍  2528/17)

date