പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് - സൈക്കിള്‍ നല്‍കി
ചിറ്റൂര്‍ ബ്ലോക്ക്, പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, സൈക്കിള്‍ എന്നിവയും വൃദ്ധജനങ്ങള്‍ക്ക് കട്ടിലും വിതരണം ചെയ്തു. പൊല്‍പ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയന്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ബിന്ദുമോള്‍ അധ്യക്ഷയായി.
പഞ്ചായത്തിന്‍റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, സൈക്കിള്‍ എന്നിവ വിതരണം ചെയ്തത്. ബിരുദ വിദ്യാര്‍ഥികള്‍ക്കായി 34 ലാപ്ടോപുകളും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 57 സൈക്കിളുകളുമാണ് വിതരണം ചെയ്തത്. ചിറ്റൂര്‍ ബ്ലോക്കിന്‍റെ പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്കായി 60 കട്ടിലുകളും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ഹരിദാസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. അംബിക, ഉപാധ്യക്ഷന്‍ സി.ആര്‍. നാരായണമൂര്‍ത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments