വി വി പാറ്റ് മെഷിനുകള്‍ ജില്ലയിലെത്തി
തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ വി.വി പാറ്റ് മെഷീനുകള്‍ ജില്ലയിലെത്തി. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തില്‍ ബാലറ്റ് യൂണിറ്റിനൊപ്പം ഉപയോഗിക്കുന്ന മെഷീനാണ് വി.വി പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍). ഇലക്ട്രോണിക് വോട്ടിംഗ് മെഷിനില്‍ വോട്ട് പതിയുന്നതിനോടൊപ്പം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാന്‍ കഴിയുന്നതാണ് വി.വി പാറ്റ് മെഷിനുകള്‍. വോട്ടിംഗ് കമ്പാര്‍ട്ടമെന്‍റില്‍ സ്ഥാപിച്ചിട്ടുള്ള വിവി പാറ്റ് മെഷീന്‍റെ ഡിസ്പ്ലേ യൂണിറ്റില്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ തെളിയുന്നതോടൊപ്പം സ്ഥാനാര്‍ഥിയുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവ പ്രിന്‍റ് ചെയ്ത് വിവിപാറ്റ് പ്രിന്‍റര്‍ യൂണിറ്റില്‍ സ്ഥാപിച്ചിട്ടുള്ള ട്രേയില്‍ നിക്ഷേപിക്കപ്പെടും. ട്രേയില്‍ നിക്ഷേപിക്കപ്പെടുന്നതിന് മുമ്പ് ഏതാനും സെക്കന്‍റുകള്‍ പ്രിന്‍റ് ചെയ്ത വിവരങ്ങള്‍ വോട്ടര്‍ക്ക് കാണുന്നതിനും സാധിക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും വിശ്വാസ്യതയും കൂടുതല്‍ ഉറപ്പാക്കുന്നതിന് കഴിയുമെന്നതാണ് വിവിപാറ്റ് മെഷീനുകളുടെ പ്രത്യേകത. ഇവ ഉപയോഗിക്കുന്നതോടെ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നു എന്ന പരാതികള്‍ക്ക് വിരാമമാകും.
1530 വി.വി പാറ്റ് മെഷിനുകളാണ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡ് ഹൈദരാബാദില്‍ മൂന്ന് കണ്ടെയ്നറുകളിലായി കളക്ടറേറ്റിലെത്തിച്ച് സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിട്ടുള്ളത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായിരിക്കും ജില്ലയില്‍ വിവിപാറ്റ് മെഷീനുകള്‍ ആദ്യമായി ഉപയോഗിക്കുക.
(പിഎന്‍പി 1486/98)
- Log in to post comments