അവധിയും പ്രതികൂല കാലാവസ്ഥയും വകവയ്ക്കാതെ പനിപ്രതിരോധവുമായി കളക്ടറും ആരോഗ്യപ്രവര്‍ത്തകരും
അടുത്തടുത്ത് രണ്ട് അവധിദിവസങ്ങള്‍ ലഭിച്ചിട്ടും ആലസ്യത്തില്‍ വീട്ടിലിരിക്കാതെ, ശക്തമായ കാറ്റിനെയും മഴയെയും അവഗണിച്ച് ജില്ലയിലെ പനിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ കെ.ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും രംഗത്തിറങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലായി ജില്ലയിലെ പനിബാധിത പഞ്ചായത്തുകളിലെല്ലാം ആരോഗ്യ പ്രവര്‍ത്തകരെത്തി. കോടോംബേളൂര്‍ ബാനം ഗവ.ഹൈസ്‌കൂളില്‍ ചേര്‍ന്ന അവലോകന യോഗം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു. മുണ്ട്യാനം കോളനി കളക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സന്ദര്‍ശിച്ചു. വീടുകളും തോട്ടങ്ങളും സന്ദര്‍ശിച്ച് ബോധവല്‍കരണവും ഉറവിടനശീകരണവും നടത്തി. കോടോംബേളൂര്‍ പഞ്ചായത്തിലെ 15, 16, 17, 8, 10 വാര്‍ഡുകളിലായി ഡി.വി.സി.യൂണിറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്‌ക്വാഡ് 850 വീടുകള്‍ സന്ദര്‍ശിച്ച് സോഴ്‌സ് റിഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബളാല്‍ പഞ്ചായത്തില്‍ ദളിത് സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ അത്തിക്കര കോളനി, കല്ലംചിറ, അരിങ്കല്ല്' മരുതുക്കുളം എന്നീ ഭാഗങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇടത്തോട്, കനകപ്പളളി ഭാഗങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും മുന്നൂറിലേറെ ഗൃഹങ്ങള്‍ സന്ദര്‍ശിച്ചു.
വെസ്റ്റ് എളേരി പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും അറുപത് പേരടങ്ങിയ സംഘങ്ങള്‍ 3500 വീടുകള്‍ സന്ദര്‍ശിക്കുകയും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ബദിയടുക്ക പഞ്ചായത്തിലെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. നിരവധി വീടുകളില്‍ സ്‌പ്രേയിംഗ് നടത്തി. വോര്‍ക്കാടി പഞ്ചായത്തിലെ 14, 15, 1 വാര്‍ഡുകളിലായി ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 62 വീടുകളില്‍ സ്‌പ്രേയിംഗ് നടത്തി.
പള്ളിക്കര പഞ്ചായത്തിലെ 297 വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്താം വാര്‍ഡിലെ നെല്ലെടുക്കം പുല്ലൂറ്റ് അഞ്ചാം വാര്‍ഡിലെ തച്ചങ്ങാട് എന്നിവിടങ്ങളിലും 3, 4, 5, 13, 14 വാര്‍ഡുകളില്‍ ആശ, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടുന്ന സംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മുളിയാര്‍, എണ്ണപ്പാറ പഞ്ചായത്തു കളില്‍ ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും പങ്കാളികളായി. വിശ്വഭാരതി ക്ലബിന്റെ സഹകരണത്തോടെ ആനന്ദാശ്രമത്തും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടന്നു.
- Log in to post comments