Skip to main content

കളമശ്ശേരിയുടെ യുവതക്ക് പറന്നുയരാൻ 'സ്കൈ'

 

 

 

സ്കില്ലിംഗ് കളമശേരി യൂത്ത് (sky) തൊഴിൽ നൈപുണ്യ വികസന പദ്ധതിക്ക് കളമശ്ശേരിയിൽ തുടക്കം

 

എറണാകുളം: കളമശ്ശേരി നിയോജക മണ്ഡലത്തിലെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യം നൽകുന്ന സ്കില്ലിംഗ് കളമശേരി യൂത്ത് (sky) തൊഴിൽ നൈപുണ്യ വികസന പദ്ധതിക്ക് മണ്ഡലത്തിൽ ആരംഭം. പദ്ധതി മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു.

കേരള സമൂഹത്തിനെ അടിമുടി മാറ്റാൻ പദ്ധതിക്ക് കഴിയുമെന്നും 

സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കണമെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

എല്ലാ ഉല്പാദന മേഖലകളിലും ജ്ഞാനം കൂടുതൽ ചെലുത്തപ്പെടുന്ന ജ്ഞാന മേഖലകൾ വളർന്നു വരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിൻ്റെ ഗുണമായി ഉല്പാദനക്ഷമത വർധിക്കും. ഇതു മൂലം തൊഴിലാളിക്ക് കൂടുതൽ ശമ്പളം നൽകാൻ കഴിയും. കേരളത്തിൽ പല രീതിയിലുള്ള വ്യവസായ ക്രമത്തിലൂടെയുള്ള പോക്ക് നടക്കില്ല. കുറഞ്ഞ കൂലിക്ക് പണി എടുക്കാൻ ആളുകൾ തയാറാകില്ല. നല്ല ശമ്പളം നൽകണമെങ്കിൽ ഉല്പാദനം വർധിപ്പിക്കണം. അത്തരത്തിലൊരു പൊളിച്ചെഴുത്ത് നടത്തേണ്ടത് അത്യന്താപേക്ഷിതമായി സംസ്ഥാനത്ത് മാറി എന്നും അദ്ദേഹം പറഞ്ഞു. 

വിഭവ സമാഹരണത്തിനുള്ള കിഫ്ബി വഴി മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൻ്റെ മുഖഛായ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള 60,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ ഇത് ഉപയോഗപ്പെടുത്തി കേരള സമ്പദ്ഘടനയെ ജ്ഞാന സമ്പദ്ഘടനയായി രൂപാന്തരപ്പെടുത്താം. നാട്ടിലെ കൃഷിയിലേക്കും വ്യവസായങ്ങളിലേക്കും പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതിക വിദ്യയും കൊണ്ടുവരണം. നിലവിലുള്ള വ്യവസായങ്ങൾക്കു പുറമെ പുതിയ വ്യവസായങ്ങൾ കൊണ്ടുവരണം. നമ്മുടെ സ്റ്റാർട്ട് അപുകളും ഇതിനെ പ്രോത്സാഹിപ്പിക്കണം. 35 ലക്ഷം അഭ്യസ്ത വിദ്യരായ വീട്ടമ്മമാർക്കും ഇതോടൊപ്പം പരിശീലനം നൽകും.

അതിനുള്ള പരിശ്രമങ്ങളാണ് കേരള സർക്കാർ ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞു. 

സാങ്കേതിക വിദ്യ അതിവേഗം മാറുന്ന സാഹചര്യത്തിൽ പുതിയ തലമുറക്ക് 

മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് സ്കൈ പദ്ധതി സഹായമാകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പി.രാജീവ് പറഞ്ഞു. കാലഘട്ടത്തിനാവശ്യമായ കഴിവുകൾ പുതിയ തലമുറയിലേക്കെത്തിക്കണം. അതിൽ അവസരങ്ങളും നൽകേണ്ടതുണ്ട്. കുസാറ്റ്, കീഡ്, പോളിടെക്നിക്, ഐ.ടി.ഐ അടങ്ങിയ വ്യവസായ പരിശീലന സ്ഥാപനങ്ങൾ ഒത്തു ചേർന്നാണ് സ്കൈ നടപ്പിലാക്കുന്നത്. അതോടൊപ്പം പുതിയ തലമുറയുടെ ആശയങ്ങളും ചേർത്തായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. 

തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. 200 വിദ്യാർത്ഥികൾ ഓൺലൈനായും 60 വിദ്യാർത്ഥികൾ നേരിട്ടും ക്ലാസിൽ പങ്കെടുത്തു. ചടങ്ങിൽ കീഡ് സി.ഇ.ഒ ശരത് വി.രാജ്, കുസാറ്റ് വൈസ് ചാൻസലർ കെ.എൻ.മധുസൂദനൻ , കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ, സ്കൈ കോർഡിനേറ്റർ വി.എ ഷംസുദ്ദീൻ  എന്നിവർ പങ്കെടുത്തു.

date