Skip to main content

ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവൻ സ്ഥാപനങ്ങളുടെയും അടിസഥാന സൗകര്യ വികസനം ഉറപ്പാക്കും: മന്ത്രി ആർ. ബിന്ദു

 

  എറണാകുളം: ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികൾ, ചട്ടങ്ങൾ, നിയമങ്ങൾ എന്നിവ സമീപഭാവിയിൽ പരിഷ്ക്കരിക്കാൻ ആലോചിക്കുന്നതായും അതിന് അക്കാദമിക സമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ്,  പുതുപ്പള്ളി അപ്ലൈയ്ഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ അക്കാദമിക് ബ്ലോക്കുകളുടെയും പൂഞ്ഞാർ പോളിടെക്നിക് കോളേജ് മന്ദിരത്തിന്റെയും ഉദ്ഘാടനം തൃക്കാക്കരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

    കേരളത്തെ നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള വലിയ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുളളത്. അനുപമമായ കേരള വികസന മാതൃകയുടെ രണ്ടാം തരംഗമാണിത്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും മെച്ചപ്പെട്ട ജീവിത അവസരങ്ങൾ ഉറപ്പാക്കുവാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സമ്പദ്ഘടനയുടെ വിപുലീകരണത്തിൽ കോളേജുകൾ ഉൾപ്പെടെയുള്ള ജ്ഞാനോത്പാദന കേന്ദ്രങ്ങളിലെ അറിവുകൾ പ്രയോജനപ്പെടുത്തും. 

   ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവൻ സ്ഥാപനങ്ങളുടെയും അടിസഥാന സൗകര്യ വികസനം സർക്കാർ ഉറപ്പാക്കും. കലാലയങ്ങളിൽ നിന്ന് ആർജിക്കുന്ന സാങ്കേതിക വിദ്യകൾ സമൂഹത്തിന് ഉപകാരപ്പെടുത്തണം. ഓരോ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ചേർന്ന് ചെറുകിട ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസ സാഹചര്യങ്ങൾ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സാധാരണക്കാരായ കുട്ടികൾക്ക് നൽകി  ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങൾ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച റോബോട്ട് നിയന്ത്രിത ട്രോളികള്‍ മന്ത്രി എറണാകുളം ജനറല്‍ ആശുപത്രി അധികൃതർക്ക് കൈമാറി. 

   തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ പി.ടി തോമസ് എംഎൽഎ ഓൺ ലൈനിൽ അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആർ.ഡി ഡയറക്ടർ പി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ ഇ.പി. കാതർകുഞ്ഞ്, പി.ഡബ്ല്യു.ഡി  എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദു പി, പി.ടി.എ വൈസ് പ്രസിഡൻറ് ഷൈൻ യു.പി, പ്രിൻസിപ്പാൾ വിനു തോമസ്, വിദ്യാർത്ഥി പ്രതിനിധി ഹുസ്ന ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

 

date