Skip to main content

ശക്തമായ മഴ: മുന്നൊരുക്കങ്ങള്‍ പര്‍ത്തിയാക്കി ജാഗ്രതയോടെ ജില്ല

ജില്ലയില്‍ ഞായര്‍വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് അടിയന്തിര സാഹചര്യത്തേയും നേരിടാന്‍ ജില്ല സുസജ്ജമാണ് എന്നും  ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. അതോറിറ്റി ഇന്ന്   അടിയന്തിരമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അണക്കെട്ടുകളിലെ ജനനിരപ്പ് പരിശോധനയ്ക്ക് വിധേയമാക്കി. .ഇടമലയാർ, ഷോളയാർ, പൊരിങ്ങൽകുത്ത് ഡാമുകളിൽ നിലവിൽ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. ഭൂതത്താൻ കെട്ട് ഡാമിലെ ഷട്ടറുകൾ നിലവിൽ തുറന്നിരിക്കുകയാണ്.നിലവിൽ ജില്ലയിൽ യെല്ലോ അലെർട് ആണ് ഉള്ളത്. എങ്കിലും മലയോര മേഖലകളിൽ ശക്തമായ മഴക്ക് സാധ്യത ഉണ്ട്.

ജില്ലാ ആസ്ഥാനത്തെയും താലൂക്ക് തലങ്ങളിലെയും കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. തുടർച്ചയായ അവധി ദിവസങ്ങളിലും ആവശ്യമുള്ള സമയത്ത് ഉദ്യോഗസ്ഥർ കർമമുഖത്ത് ഉണ്ടാകും.

 

ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും  കണ്‍ട്രോള്‍ റൂമുകള്‍ വാഹനം ഉള്‍പ്പടെ സുസജ്ജമായി പ്രവര്‍ത്തിക്കും. എല്ലാ സാമൂഹ്യ / പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും  ആവശ്യമുള്ള സന്ദർഭങ്ങളിൽ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുകയും എമര്‍ജെന്‍സി  ലൈഫ് സപ്പോര്‍ട്ട്  നല്‍ക്കാന്‍ വൈദഗ്ധ്യമുള്ള  ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. താലൂക്ക്  തലത്തില്‍  ഓരോ  എമര്‍ജെന്‍സി  മെഡിക്കല്‍ ടീമിനെയും ആവശ്യമെങ്കിൽ  തയ്യാറാക്കി നിര്‍ത്തും...  ഉരുള്‍ പൊട്ടല്‍,  മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക  ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, സുരക്ഷിതമല്ലാത്ത ലയങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ആവശ്യമെങ്കിൽ നൽകേ ണ്ടതും   മാറ്റിപ്പാര്‍പ്പിക്കേണ്ടതുമാണ്.

    ജില്ലയില്‍ ദുരിതാശ്വാസ  കേന്ദ്രങ്ങളായി പ്രവര്‍ത്തിപ്പിക്കുവാന്‍  ആവശ്യമായ കെട്ടിടങ്ങള്‍  സജ്ജമാക്കാൻ, താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നിർദേശം നൽകി. ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം.  ജില്ലയില്‍ ലഭ്യമായ ക്രെയിനുകളും ,മണ്ണുമാന്തി  യന്ത്രങ്ങളും  ആവശ്യം വരുന്ന സാഹചര്യത്തില്‍ ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍   ഗതാഗത വകുപ്പിനെ  ചുമതലപ്പെടുത്തി. പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യു കണ്‍ട്രോള്‍ റൂമുകള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാകണം. കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന പക്ഷം അത് പരിഹരിക്കാൻ ഫയർഫോഴ്സ്, പോലീസ്, കോർപ്പറേഷൻ എന്നിവ സജ്ജരായിരിക്കണം.

         

  ശക്തമായ കാറ്റില്‍ പറന്നു പോകുവാനോ തകരുവാനോ സാദ്ധ്യതയുളള മേല്‍ക്കൂരയുളള വീടുകളില്‍ താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റുവാന്‍ നടപടി സ്വീകരിക്കും.  കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളില്‍ വൈദ്യുത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇതിനായി ആശുപത്രികളില്‍  ജനറേറ്ററുകള്‍ സജ്ജമാക്കണം.

    പൊതുജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണം എന്നാല്‍  പ്രളയ മേഖലയിലും, മണ്ണിടിച്ചില്‍ മേഖലയിലുമുളള  ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ ശ്രദ്ധിക്കണം.

കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

    മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ ശ്രദ്ധിക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.  ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം.  

  പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ജില്ലയിലെ ജലാശയങ്ങളില്‍ ക്രമാതീതമായി  ജലനിരപ്പ്  ഉയരുന്ന  സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും പ്രധാനപ്പെട്ട രേഖകള്‍ അടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുമാണ്

date