Skip to main content

രണ്ടിടത്ത് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ :  വനംവകുപ്പിന് ഇരട്ടി മധുരം

ജില്ലയില്‍ വാണിയമ്പാറയിലും എരുമപ്പെട്ടിയിലും 1.75 കോടി രൂപ ചെലവില്‍ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചും ജില്ലയിലെ വനം സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവു പ്രകടിപ്പിച്ചും മുന്നേറുകയാണ് വനം വകുപ്പ് തൃശ്ശൂര്‍ ഡിവിഷന്‍. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്.  പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 
    രണ്ടു വര്‍ഷത്തിനുള്ളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 3.78 കോടി രൂപയുടെ റവന്യു പിരിക്കാന്‍ വകുപ്പിനായി എന്നത് വലിയ നേട്ടമാണ്. ഇക്കാലയളവില്‍ 471.35 കി. മീ. ഫയര്‍ലൈന്‍ നിര്‍മ്മിക്കാനായി പട്ടിക്കാട് ഫോറസ്റ്റ് റേയ്ഞ്ചില്‍ 3.6 കി. മീ. സൗരോര്‍ജ്ജ വേലിയും നിര്‍മ്മിച്ചു.  നാല് കി.മീ ട്രക്ക് പാത നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിച്ചു. 30 മീറ്റര്‍ റോഡ് നിര്‍മ്മിച്ചതോടൊപ്പം 9.5 കി. മീ. കൂപ്പ് റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്താനുമായി. 
    ഈ കാലയളവില്‍ 537.616 ഹെക്ടര്‍ വന വിസ്തൃതിയില്‍ 27 തോട്ടങ്ങളുടെ തൈനടീലും പരിചരണവും നടത്താന്‍ വകുപ്പിനായിട്ടുണ്ട്. 10.31 ലക്ഷം രൂപ ചെലവില്‍ വനാതിര്‍ത്തി നിര്‍ണയത്തിനായി പുതിയ 325 ജണ്ടകള്‍ നിര്‍മ്മിക്കുകയും  228 ജണ്ടകള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു. 8200 മഴക്കുഴികള്‍, 50 കുളങ്ങള്‍, 5 കുഴല്‍കിണറുകള്‍ എന്നിവ നിര്‍മ്മിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാന്‍ വഹിക്കാന്‍ ജില്ലയിലെ വനംവകുപ്പിനായി. ഒരു ചെക്ക് ഡാം നിര്‍മിക്കുകയും ഡോര്‍മെറ്ററി , തൊണ്ടി ഷെഡ്, ടൈപ്പ് 1, ടൈപ്പ് 2 ക്വാര്‍ട്ടേഴ്സ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.  
    കാട്ടുതീ തടയുന്നതിന്‍റെ ഭാഗമായി 23 ഫയര്‍ ഗാംഗുകളെ നിയോഗിക്കുകയും കാട്ടുതീ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിനിടയില്‍ 130 ഫയര്‍ പ്രൊട്ടക്ഷന്‍ വാച്ചര്‍മാരെ 9461 തൊഴില്‍ ദിനങ്ങളിലായി നിയോഗിച്ചു. ഗ്രീന്‍ ഇന്ത്യ മിഷന്‍റെ ഭാഗമായി 926 ഹെക്ടര്‍ റിസര്‍വ്വ് വനം, തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കാട്ടുതീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 405 വ്യാജ മദ്യ റെയ്ഡുകള്‍ നടത്തി. സോഷ്യോ ഇക്കണോമിക് സര്‍വേയും കോള്‍ നിലങ്ങളില്‍ പക്ഷി സര്‍വ്വേയും നടത്താനും മൂന്ന് റേയ്ഞ്ചുകളിലായി 11 ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും ഈ കാലയളവില്‍ ജില്ലയിലെ വനംവകുപ്പിനു സാധിച്ചു. 
    വന്യജീവി ആക്രമണത്തില്‍ ഇരകളായവര്‍ക്കും വസ്തു നഷ്ടം സംഭവിച്ചവര്‍ക്കും രണ്ടുവര്‍ഷം കൊണ്ട് 75.18 ലക്ഷം രൂപയുടെ നഷ്ട പരിഹാരം നല്‍കാനും കഴിഞ്ഞുവെന്നുള്ളത് ജില്ലയിലെ വനംവകുപ്പിന് അഭിമാനകരമായ നേട്ടമാണ്.

date