Skip to main content

പട്ടയ മേളക്ക് ഒരുങ്ങി ജില്ല, വിതരണം ചെയ്യുക 530 പട്ടയങ്ങൾ

 

എറണാകുളം : കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായുള്ള പട്ടയമേളയുടെ ജില്ലാ തല ഉത്‌ഘാടനം സെപ്റ്റംബർ 14 ന് രാവിലെ11.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കും.

നൂറു ദിന കർമപദ്ധതിയുടെ ഭാഗമായുള്ള  പട്ടയമേളയുടെ ജില്ലാ തല ഉത്‌ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ നിർവഹിക്കും. ജില്ലയിലെ 530 കൂടുംബങ്ങൾക്ക് പട്ടയം കൈമാറുന്നത്. കണയന്നൂർ താലൂക്ക് പരിധിയിൽ വരുന്ന തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണം ആയിരിക്കും ചടങ്ങിൽ നടക്കുക.  ബാക്കിയുള്ള പട്ടയങ്ങൾ താലൂക്ക്, വില്ലേജ് തലങ്ങളിൽ വെച്ച് വിതരണം ചെയ്യും. ടി.ജെ.വിനോദ് എം എൽ എ അധ്യക്ഷനാകുന്ന ചടങ്ങിൽ  എം.പി.മാരായ ഹൈബി ഈഡൻ, തോമസ് ചാഴിക്കാടൻ, മേയർ അഡ്വ.എം.അനിൽകുമാർ, എം എൽ എ മാരായ പി.ടി.തോമസ്, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, അസിസ്റ്റൻ്റ് കളക്ടർ സച്ചിൻ കുമാർ യാദവ്, എഡിഎം എസ്.ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ.ടി.സന്ധ്യാദേവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എൻ.മോഹനൻ, പി.രാജു, മുഹമ്മദ് ഷിയാസ്, ബാബു ജോസഫ്, കെ.എം.മജീദ്, സാബു ജോർജ്, സി.കെ.അബ്ദുൾ അസീസ്, ഷിബു തെക്കുംപുറം, എ എ നജീബ്, എൻ ടി കുര്യച്ചൻ, പി.എസ്.പ്രകാശൻ, അനിൽ ജോസ് കാളിയാടൻ, ബി.എ.അഷ്റഫ് , ഇ.എം.മൈക്കിൾ എന്നിവർ പങ്കെടുക്കും.

 

കോതമംഗലം താലൂക്കില്‍ 60 ഉം , കൊച്ചി താലൂക്കില്‍ 30 ഉം, കുന്നത്തുനാട് താലൂക്കില്‍ 17ഉം, കണയന്നൂര്‍ താലൂക്കില്‍ 11ഉം, പറവൂര്‍ താലൂക്കില്‍ 10 ഉം, ആലുവ താലൂക്കില്‍ 5 ഉം, മൂവാറ്റുപുഴ താലൂക്കില്‍ 17 ഉം  ലാന്‍ഡ് ട്രിബ്യൂണല്‍ വിഭാഗത്തില്‍ 322 പട്ടയങ്ങളും ദേവസ്വം പട്ടയം വിഭാഗത്തില്‍ 58 പട്ടയങ്ങളും ആണ് വിതരണം ചെയ്യുന്നത് . ആകെ 530 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.

 

ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പട്ടയ മേള നടക്കുക. ജില്ലാതലത്തിലും വിവിധ താലൂക്കുകളിലും നടക്കുന്ന പട്ടയമേളയില്‍ 10 പേര്‍ക്ക് വീതമാണ് നേരിട്ട് പട്ടയങ്ങള്‍ നല്‍കുന്നത്. ബാക്കിയുള്ളവ വില്ലേജ് തലത്തിൽ വിതരണം ചെയ്യും.

 

date