Skip to main content

ഭൂമിക്ക് പട്ടയമായി, ഇനി ഡിൻ്റോയുടെ സ്വപ്നം വീട്

 

 

എറണാകുളം: ഭൂമിക്ക് പട്ടയം ഇല്ലാതിരുന്നതിനാൽ അടച്ചുറപ്പുള്ള വീട് സ്വപ്നമായി മാത്രം കൊണ്ടു നടക്കുകയായിരുന്നു ഡിൻ്റോ. ഇടിഞ്ഞു വീഴാറായ വീട്ടിൽ ഭീതിയോടെയാണ് അച്ഛനും അമ്മയും അടങ്ങിയ ഡിൻ്റോയുടെ കുടുംബം താമസിച്ചിരുന്നത്. പുതിയ വീട് നിർമ്മിക്കാൻ ഭൂമിക്ക് പട്ടയമില്ലാതിരുന്നത് തടസമായി. എന്നാൽ സെപ്റ്റംബർ 14 ന് ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുകയാണ്. പറവൂർ താലൂക്ക് തല പട്ടയമേളയിൽ പട്ടയം ലഭിക്കുന്ന ഗുണഭോക്താക്കളിൽ ഒരാൾ ഡിൻ്റോയുടെ പിതാവ് ഡേവിസ് കെ.പി ആണ്.

 

പുത്തൻവേലിക്കര വില്ലേജിലെ വീടും കൃഷിഭൂമിയുമടങ്ങിയ 57 സെൻ്റ് സ്ഥലത്തിനാണ് വർഷങ്ങളായി പട്ടയമില്ലാതിരുന്നത്. ഇവിടെയുള്ള കൃഷിയിലൂടെയാണ് ഡിൻ്റോയ്ക്കും കുടുംബത്തിനുമുള്ള ചെറിയ വരുമാനം ലഭിക്കുന്നത്. വാഴ, ജാതി, മഞ്ഞൾ, കപ്പ എന്നിവയാണ് കൃഷി. അസുഖ ബാധിതരായ അച്ഛനേയും അമ്മയേയും തനിച്ചാക്കി പലപ്പോഴും ഡിൻ്റോയ്ക്ക് ജോലിക്ക് പോകാനും സാധിക്കാറില്ല. 

 

ആഗസ്റ്റിലുണ്ടായ കനത്ത മഴയിൽ വീടിൻ്റെ ഒരു ഭാഗം തകർന്നു പോയിരുന്നു. കഷ്ടപ്പാടുകൾക്കിടയിൽ പുതിയൊരു വീട് ഇവർക്ക് അസാധ്യമായിരുന്നു. പട്ടയമില്ലാത്തതിനാൽ സർക്കാർ സഹായങ്ങൾ അടക്കം ലഭ്യമായിരുന്നില്ല. ഇന്ന് എല്ലാ തടസങ്ങളും മാറി ഭൂമിക്ക് പട്ടയം ലഭിക്കുന്ന സന്തോഷത്തിലാണ് ഇവർ. 

date