Skip to main content

25 വർഷത്തെ കാത്തിരിപ്പിന് വിരാമം : പട്ടയം സ്വീകരിക്കാനൊരുങ്ങി ശാന്തയും മകനും

 

 

 

കാക്കനാട്: മനയത്തുകുടി വീട്ടിൽ  ശാന്തയുടെ 25 വർഷത്തെ കാത്തിരിപ്പിനാണ് ഈ വരുന്ന പതിനാലാം തീയതി വിരാമമിടുന്നത്. ആകെയുള്ള 10 സെന്റ്  ഭൂമിക്ക് പട്ടയം അനുവദിച്ച് കിട്ടാനുള്ള നെട്ടോട്ടയിരുന്നു ഇക്കാലമത്രയും. ഭർത്താവിന്റെ മരണശേഷം ഏകമകനെ വളർത്തിയെടുക്കാനുള്ള കഷ്ടപ്പാടുകൾക്ക് ഇടയിലും തലചായ്ക്കുന്ന കൂര നഷ്ടപ്പെടാതെ സ്വന്തമാക്കാനുള്ള പ്രയത്നനത്തിനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

 

ഭൂമിക്ക് പട്ടയം ലഭിക്കാനുള്ള അപേക്ഷ വളരെ നേരത്തെ സമർപ്പിച്ചതാണ്. എന്നാൽ പല കാരണങ്ങളാലും പട്ടയം ലഭിക്കാതെ പാേയി. എങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നു. മകൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഭർത്താവ് മരണപ്പെട്ടതിനാൽ  വളരെ കഷ്ടപ്പെട്ടാണ് ശാന്ത കുടുംബം പുലർത്തിയിരുന്നത്. പ്രായാധിക്യം മൂലം ഇപ്പോൾ ജോലിക്കൊന്നും പോകാൻ സാധിക്കുന്നില്ല.  മകൻ ജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. പട്ടയമില്ലാത്തതിനാൽ മറ്റ് ആനുകൂല്യങ്ങൾ തന്നെ കുടുംബത്തിന് ലഭിച്ചിരുന്നില്ല. ആകെയുള്ള ഭൂമിയ്ക്ക് പട്ടയം അനുവദിച്ചു എന്ന അറിയിപ്പ് താലൂക്കിൽ നിന്നും ലഭിച്ചത് മുതൽ 25 വർഷത്തെ കാത്തിരിപ്പിന് ഫലം കണ്ട സന്തോഷത്തിലാണ് ശാന്തയും മകൻ രതീഷും.

 

സംസ്ഥാന സർക്കാരിന്റ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ശാന്ത ഉൾപ്പെടെ 60 പേർക്കാണ് കോതമംഗലം താലൂക്കിൽ ഈമാസം 14ന് പട്ടയ വിതരണം നടത്തുന്നത്.

date